കോഴിക്കോട്: മലയോര മേഖലയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ മനംകവർന്ന് വശ്യമനോഹരമായി ഒഴുകാറുള്ള ഇരുവഴിഞ്ഞി പുഴയ്‌ക്ക് പക്ഷേ മഴക്കാലത്ത് രൗദ്രഭാവമാണ്. മഴക്കാലത്ത് അപകടങ്ങളും പതിവാണ് ഇവിടെ. രണ്ടാഴ്‌ചക്കിടെ രണ്ടുപേരാണ് പതങ്കയത്തും തുഷാരഗിരിയിലുമായി ഒഴുക്കിൽപ്പെട്ടത്.
ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്‌നി മുബാറകിനെ ഒഴുക്കിൽപ്പെട്ട് രണ്ടാഴ്‌ച പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. അതിനിടെയാണ് നാടിനെ ഞെട്ടിച്ച് ബേപ്പൂർ സ്വദേശിയായ അമൽ എന്ന വിദ്യാർഥിയും ഇവിടെ ഒഴുക്കില്‍പ്പെട്ടത്. പശ്ചിമഘട്ടത്തിലെ മലമടക്കുകളിലൂടെ ഒഴുകിയിറങ്ങുന്ന പുഴയുടെ പതങ്കയം, തുഷാരഗിരി മേഖലകളില്‍ മഴക്കാലത്ത് അപകടങ്ങള്‍ പതിവാണ്.
മലയോര മേഖലയിലെ മരണക്കെണി: കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളെ വേർതിരിക്കുന്ന ഇരുവഴിഞ്ഞിപ്പുഴ, ചാലിപ്പുഴയുടെ കൈവഴിയാണ്. ആനക്കാംപൊയിൽ പുല്ലൂരാംപാറ ഇടയിലുള്ള ഭാഗം കയങ്ങൾ നിറഞ്ഞതാണ്. ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴയിൽ അടിത്തട്ടിലെ അവസ്ഥ അറിയാതെ ഇറങ്ങുന്ന സഞ്ചാരികൾ കല്ലിനിടയിൽ കാൽ കുടുങ്ങി അപകടത്തിൽപ്പെടും.
നീന്തൽ വശമുണ്ടെങ്കിൽ പോലും കയങ്ങളിൽ കുടുങ്ങുന്നവരിൽ പലർക്കും ജീവനോടെ കരകയറാൻ സാധിക്കാറില്ല. ചെങ്കുത്തായ മലമടക്കുകളിലൂടെ കുതിച്ചെത്തുന്ന മഴവെള്ളപ്പാച്ചിലും അപകടത്തിനിടയാക്കും. പ്രസന്നമായ കാലാവസ്ഥ ഉള്ളപ്പോഴും പുഴയുടെ പ്രഭവ ഭാഗത്തെ വനമേഖലയിൽ പെയ്യുന്ന കനത്ത മഴയാണ് അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിന് ഇടയാക്കുന്നത്.
അപകടത്തിന് ഇടയാക്കുന്ന അതിസാഹസികത: ഏതാനും ആഴ്‌ചകൾക്ക് മുന്‍പാണ് അരീക്കോട്, രാമനാട്ടുകര ഭാഗത്ത് നിന്നുള്ള സഞ്ചാരികൾ വെള്ളപ്പാച്ചിലിൽ അകപ്പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടത്. മിനുസമുള്ള പാറക്കൂട്ടത്തിലൂടെ ശ്രദ്ധിച്ച് നടന്നാൽ പോലും കാൽവഴുതി വെള്ളത്തിൽ പതിക്കാനോ പാറയിൽ തലയടിച്ചു വീഴാനോ സാധ്യതയുണ്ട്.
ഇത്തരം പാറകളിൽ കയറിയുള്ള സെൽഫിയും അതിസാഹസവും കുറച്ചൊന്നുമല്ല അപകടത്തിന് ഇടയാക്കുന്നത്. പതങ്കയത്തിന്‍റെ താഴെ ഭാഗത്തെ അരിപ്പാറയും അപകടം നിറഞ്ഞതാണ്. വഴുക്കലുള്ള പാറക്കൂട്ടങ്ങളും കയങ്ങളും ഇവിടെയുമുണ്ട്.
Read more: നിരോധനം അവഗണിച്ചു; തുഷാരഗിരി വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി