കോട്ടയം: കൊവിഡിനെത്തുടർന്ന് നാട്ടിലെത്തിയ ശേഷം ജോലിക്ക് തിരികെ പോകാൻ സാധിക്കാതെ വന്നതോടെയാണ് നേഴ്‌സുമാരായ ഇരട്ട സഹോദരിമാരായ ഇന്ദുവും ലേഖയും നെറ്റിപ്പട്ട നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. സുഹൃത്തുക്കളും വീട്ടുകാരും പ്രോത്സാഹനം നൽകിയതോടെ ഇവരുടെ നെറ്റിപ്പട്ടം സൂപ്പർ ഹിറ്റായി മാറി.
കോട്ടയം തിരുവഞ്ചൂർ സ്വദേശികളായ ഇന്ദു സൗദിയിലും ലേഖ ഹൈദരാബാദിലും നേഴ്‌സായി ജോലി നോക്കുകയായിരുന്നു. നാട്ടിൽ എത്തിയ ശേഷം കോട്ടയത്തെ തൊഴിൽ പരിശീലന പരിപാടിയിൽ ചേർന്നാണ് ലേഖ നെറ്റിപ്പട്ട നിർമ്മാണം പഠിച്ചത്. തുടർന്ന് വിദേശത്തേക്ക് മടങ്ങാതെ ഇന്ദുവും ലേഖയ്‌ക്കൊപ്പം നെറ്റിപ്പട്ട നിർമ്മാണത്തിൽ ചേരുകയായിരുന്നു.
ശുദ്ധിയും വൃത്തിയും പാലിച്ച്: ഹൈന്ദവ ആചാരങ്ങൾക്കനുസ്യതമായാണ് ഇരുവരും നെറ്റിപ്പട്ടം നിർമ്മിക്കുന്നത്. നെറ്റിപട്ടത്തിലെ ഓരോ ഭാഗങ്ങളും ദേവി ദേവ സങ്കൽപ്പത്തിലുള്ളതാണ്. എല്ലാ വിധ ശുദ്ധികളോടും കൂടിയാണ് നെറ്റിപ്പട്ടം നിർമ്മിക്കുന്നത്. മുത്തുകളുടെ എണ്ണത്തിലും ഉപയോഗിക്കുന്ന നൂലിൽ വരെ പരമ്പരാഗത രീതി ഇവർ പിൻതുടരുന്നുണ്ട്. ഒന്നര അടി മുതൽ അഞ്ചര അടി വരെയുള്ള നെറ്റിപ്പട്ടങ്ങൾ ഇവർ നിർമ്മിച്ചു നൽകുന്നു.
ഒന്നര അടി പൊക്കമുള്ള നെറ്റിപ്പട്ടം പൂർത്തിയാക്കാൻ രണ്ടു ദിവസം വേണം. മൂന്നര അടിയുള്ളതിന് മൂന്നു ദിവസം വേണം. ഇതോടൊപ്പം അലങ്കാര തിടമ്പും ഇവർ നിർമ്മിക്കുന്നുണ്ട്. തൃശൂർ നിന്നാണ് നെറ്റിപ്പട്ടത്തിനാവശ്യമായ സാധനങ്ങൾ വാങ്ങുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടാക്കിയ നെറ്റിപ്പട്ടം ഹിറ്റായി മാറിയ സന്തോഷത്തിലാണ് ഈ സഹോദരികൾ.
ഇരട്ട സഹോദരിമാരായ ഇരുവരെയും വിവാഹം കഴിച്ചതും ഇരട്ട സഹോദരൻമാരായ പാമ്പാടി സ്വദേശികളായ ഗിരീഷും രതീഷുമാണ്. കോട്ടയം തിരുവഞ്ചൂർ ആശാരി പറമ്പിൽ സാബു- രമണി ദമ്പതികളുടെ മക്കളാണ് ഇന്ദുവും ലേഖയും. സഹോദരി സുനു.