കോട്ടയം : മണിപ്പുഴ ഈരയിൽക്കടവ് ബൈപ്പാസിൽ വൻ ലഹരി വേട്ട. കാറിൽ വിൽപ്പനക്കെത്തിച്ച ആറ് ലക്ഷത്തിൻ്റെ പുകയില ഉത്പന്നങ്ങൾ പിടികൂടി. ചൊവ്വാഴ്ച്ച രാത്രിയിൽ മണിപ്പുഴ ഈരയിൽ കടവ് ബൈപാസിൽ നടന്ന വാഹന പരിശോധനയിലാണ് 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
സംഭവത്തിൽ പാലക്കാട് പട്ടാമ്പി സ്വദേശി സൈനുൽ ആബിദ് (24), ഒറ്റപ്പാലം സ്വദേശി റിയാസ് (34) എന്നിവരെ കോട്ടയം ജില്ല പൊലീസ് മേധാവിയുടെ ഡൻസാഫ് സംഘവും ചിങ്ങവനം പൊലീസും ചേർന്ന് പിടികൂടി. ഇവർ സഞ്ചരിച്ച മാരുതി ബലേനോ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ക്രിസ്‌മസ് ന്യൂ ഇയർ പ്രമാണിച്ച് ജില്ലയിലേക്ക് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നുവെന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ALSO READ: നിയമ വിദ്യാർഥിയുടെ വീട്ടിൽ മയക്കുമരുന്ന് ശേഖരം; 11 ഗ്രാം എംഡിഎംഎ പിടികൂടി
നാർകോട്ടിക്ക് സെൽ ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്‌ടർ ടി.ആർ ജിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ ജോൺസൺ ആൻ്റണി, എ.എസ്.ഐ രവീന്ദ്രൻ, സിപിഒ ജോജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, ശ്രീജിത്ത് ബി നായർ, തോംസൺ കെ മാത്യു, അജയകുമാർ, എസ്. അരുൺ, അനീഷ്. വി.കെ, ഷിബു പി.എം. ഷമീർ സമദ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.