കോട്ടയം: കോട്ടയം നഗരത്തിലെത്തുന്നവർക്ക് കൈയ്യിൽ പണമില്ലങ്കിലും ഇനി വിശന്നിരിക്കേണ്ടി വരില്ല. നിങ്ങൾക്കുള്ള ഭക്ഷണം 'സുഭിക്ഷയില്‍' തയാറാണ്. അല്ലെങ്കിൽ വെറും 20 രൂപാ മുടക്കിയാൽ മാത്രം മതി. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്‍റെ വിശപ്പുരഹിത കേരളം-സുഭിക്ഷ പദ്ധതിയുടെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ കൗണ്ടര്‍ നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് എതിര്‍വശത്തുള്ള നഗരസഭാ വനിതാ വിശ്രമ കേന്ദ്രത്തിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അശരണര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് 20 രൂപയ്ക്കുമാണ് വെജിറ്റേറിയന്‍ ഊണ് നല്‍കുന്നത്. ഒരു ഊണിന് അഞ്ച് രൂപ സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. സൗജന്യ ഊണിന് 25 രൂപ വീതമാണ് സബ്സിഡി. ഒരു ദിവസം 100 ടോക്കണുകളാണ് സൗജന്യം.
കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഭക്ഷണ വിതരണകേന്ദ്രത്തിന്‍റെ നടത്തിപ്പ് ചുമതല. ഊണിന് പുറമെ 70 രൂപ നിരക്കിൽ ചിക്കൻ ബിരിയാണിയും സുഭിക്ഷയിലുണ്ട്. കുറഞ്ഞ തുകയിൽ സ്വാദിഷ്ട് ഭക്ഷണം കിട്ടുന്നതിന്റെ സന്തോഷവും സംതൃപ്തിയും ഉച്ച സമയത്തെ ഇവിടുത്തെ തിരക്ക് കണ്ടാലറിയാം. സൗജന്യ ടോക്കണുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന അഭിപ്രായവും ചിലർ പങ്കുവയ്ക്കുന്നു. പദ്ധതി വിജയമായതോടെ സുഭിക്ഷ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.