കോട്ടയം: കീഴുക്കുന്ന് സ്വദേശി ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ തള്ളിയ കേസിലെ പ്രതി ജയില്‍ ചാടി. കേസിലെ അഞ്ചാം പ്രതിയായ ബിനുമോനാണ് കോട്ടയം സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്‌ച പുലര്‍ച്ചെ ജയിലിനുള്ളിലെ അടുക്കള വഴിയാണ് ഇയാൾ പുറത്ത് ചാടിയതെന്നാണ് വിവരം.
കേസിൽ മുഖ്യപ്രതി ജോമോനൊപ്പം കൂട്ടുപ്രതിയാണ് ബിനുമോൻ. മീനടം സ്വദേശിയായ ബിനുമോന്‍റെ ഓട്ടോയിലാണ് ഷാനിനെ പ്രതികള്‍ തട്ടിക്കൊണ്ട് പോയത്. പൊലീസ് ബിനുമോന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.
ഈ വര്‍ഷം ജനുവരി 17നാണ് കേസിനാസ്‌പദമായ സംഭവം. ഷാനിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ തള്ളുകയായിരുന്നു. സംഭവത്തില്‍ ഗുണ്ട ലിസ്റ്റിലുള്ള ജോമോന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
താൻ ഒറ്റയ്‌ക്കാണ് കൊലപാതകം നടത്തിയതെന്നായിരുന്നു കേസിലെ ഒന്നാം പ്രതിയായ ജോമോൻ മൊഴി നല്‍കിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് കണ്ടെത്തിയത്. ഷാൻ ബാബുവിന് ക്രൂര മർദനം നേരിട്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ വ്യക്തമായിരുന്നു.