കോട്ടയം: കോട്ടയം നഗരസഭയിലും പനച്ചിക്കാട് പഞ്ചായത്തിലും കിഫ്ബി കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തികൾ രണ്ടാഴ്‌ച കൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ദേവലോകം, മുട്ടമ്പലം, ഈരയിൽ കടവ് റോഡ് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
50 കോടി രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂർത്തീകരിച്ചെങ്കിലും റോഡുകൾ പൂർവസ്ഥിതിയിലാക്കിയില്ലെന്ന പരാതികളുണ്ടായി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുകയാണ് സർക്കാർ നിലപാടെന്നും ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച ജോലികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
കാലാവസ്ഥ പ്രതികൂലമാകും മുന്നേ റോഡ് പുനരുദ്ധീകരിക്കും. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കും. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് - ജലസേചന വകുപ്പുകൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് വരുത്തി തീർക്കാൻ ശ്രമമുണ്ട്. എന്നാൽ വകുപ്പുകൾ തമ്മിൽ പ്രശ്‌നമില്ലെന്നും മന്ത്രി പറഞ്ഞു.
കഞ്ഞിക്കുഴി-കൊല്ലാട് റോഡിലെ പ്രവർത്തികൾ ഇന്നലെ(ഒക്‌ടോബര്‍ 14) ആരംഭിച്ചു. ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ വി.എം രാജേഷ്, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ പോൾസൺ പീറ്റർ, അസിസ്റ്റന്‍റ് എൻജിനീയർ എസ്. സനീഷ്, ജല അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.