കോട്ടയം: സംക്രാന്തിയിൽ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്‌ച പുലർച്ചെയാണ് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായ ശശിധരനെ റോഡിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം തന്നെ അയൽവാസിയായ സിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശശിധരനോടുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രതി ശശിധരനെ ആക്രമിക്കുകയായിരുന്നു. തലയിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ശശിധരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കൊലപാതകത്തിനുപയോഗിച്ച ആയുധം പ്രതി സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചു. പ്രതിയുമായി പൊലീസ് സ്ഥലത്തെത്തി ആയുധം കണ്ടെടുത്തു. കസ്റ്റഡിയിലിരിക്കെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സിജുവിനെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.