കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധവുമായി ബന്ധപ്പട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. ഫോണിലൂടെ അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ലോക്‌ഡൗൺ ലംഘിച്ച് ആളുകളെ കൂട്ടം കൂടാൻ പ്രേരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്ന സാഹചര്യത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ രാത്രി തന്നെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിഷേധക്കാരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചെന്ന് അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പ്രചാരണം നടത്തിയതാണ് പായിപ്പാട്ടെ സംഭവത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടന്നിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തു. എറണാകുളം റേഞ്ച് ഐജി മഹേഷ് കുമാര്‍ കാളിരാജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
ലോക്‌ഡൗണ്‍ ലംഘിച്ച് ആയിരത്തിലധികം വരുന്ന അതിഥി തൊഴിലാളികളാണ് ഇന്നലെ കോട്ടയം പായിപ്പാട്ടെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. നാട്ടിലേക്ക് പോകാന്‍ വാഹനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാവിലെ പതിനൊന്ന് മണിയോടെ പായിപ്പാട് കവലയിലേക്ക് ആയിരത്തോളം വരുന്ന അതിഥി തൊഴിലാളികള്‍ സംഘടിച്ചെത്തുകയായിരുന്നു. ആദ്യ മണിക്കൂറില്‍ പൊലീസ് കുറവായിരുന്നതിനാല്‍ തൊഴിലാളികളെ നിയന്ത്രിക്കാനായില്ല. പിന്നീട് പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്ന് കൂടുതല്‍ പൊലീസെത്തി. അരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ രണ്ട് മണിയോടെ അതിഥി തൊഴിലാളികള്‍ ക്യാമ്പുകളിലേക്ക് മടങ്ങുകയായിരുന്നു. ലോക്‌ഡൗൺ ലംഘിച്ച് ജില്ലയിൽ ആൾക്കൂട്ടങ്ങൾ വ്യാപകമാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.