കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എന്‍എസ്‌എസ് സംസ്ഥാന അധ്യക്ഷന്‍ ജി സുകുമാരന്‍ നായര്‍. തല്‍സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോള്‍ മുതല്‍ വിഡി സതീശന്‍ മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണ്. ഈ രാജ്യത്തെ ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്‍റെ പാരമ്പര്യം അതാണോ എന്ന് നേതൃത്വം വിലയിരുത്തണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ മത-സാമുദായിക വിഭാഗങ്ങളെയും സംഘടനകളെയും ചേര്‍ത്തുനിര്‍ത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് പ്രതിപക്ഷ നേതാവല്ല കെപിസിസിയാണെന്നും സുകുമാരന്‍ നായര്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അവകാശം വ്യക്തികള്‍ക്കുള്ളതുപോലെ മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ടെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്‌പീക്കറുടെ പ്രസ്‌താവനയോട് വിയോജിച്ച് പ്രതിപക്ഷം
തെരഞ്ഞെടുപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ വ്യക്തിയാണ് പുതിയ സ്ഥാനലബ്‌ധിയില്‍ മതിമറന്ന് ഇപ്പോള്‍ ഇത്തരം വിലകുറഞ്ഞ പ്രസ്‌താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. ആവശ്യം വരുമ്പോള്‍ മത-സാമുദായിക സംഘടനകളുടെ സഹായം തേടുകയും അതിന് ശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല. മത-സാമുദായിക സംഘടനകളോടും അതിന്‍റെ നേതാക്കളോടുമുള്ള പുതിയ പ്രതിപക്ഷനേതാവിന്‍റെ ഇപ്പോഴത്തെ സമീപനം സംബന്ധിച്ചും ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ചും കെപിസിസി നിലപാട് വ്യക്തമാക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കുമെതിരെ എന്‍എസ്എസ് നിലപാട് സ്വീകരിച്ചിട്ടില്ല. മുന്നണികളോടും പാര്‍ട്ടികളോടും ഒരേ നിലപാടാണ് എന്‍എസ്‌എസിനുള്ളതെന്നും സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.