കോട്ടയം: യേശു ക്രിസ്‌തുവിന്‍റെ അന്ത്യ അത്താഴ സ്‌മരണയിൽ കോട്ടയം ജില്ലയിലെ എല്ലാ ദേവാലയങ്ങളിലും പെസഹ ദിനമായ ഇന്ന് രാവിലെ കാൽകഴുകൽ ശുശ്രൂഷ നടന്നു. കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു. യേശു ശിഷ്യന്മാരുടെ കാൽ കഴുകി ചുംബിച്ച് വിനയത്തിന്‍റെ മാതൃക നൽകിയതിന്‍റെ ഓർമ പുതുക്കലാണ് കാൽകഴുകൽ ശുശ്രൂഷ.
ഇന്ന് രാത്രിയിൽ ദേവാലയങ്ങളിലും ഭവനങ്ങളിലും പെസഹ അപ്പം മുറിക്കൽ ചടങ്ങും നടക്കും. ഓശാന ഞായറാഴ്‌ച പള്ളികളിൽ നിന്ന് ലഭിച്ച കുരുത്തോല കീറി കുരിശ് രൂപം ഉണ്ടാക്കി അപ്പത്തിന് മുകളിൽ വയ്ക്കുകയും കുടുംബത്തിലെ മുതിർന്നയാൾ അപ്പം മുറിക്കുകയും ചെയ്യും. പീഡാനുഭവത്തിന്‍റെയും കുരിശ് മരണത്തിന്‍റെയും സ്‌മരണയിൽ ക്രൈസ്‌തവ സമൂഹം നാളെ ദുഃഖവെള്ളി ആചരിക്കും.
അനുതാപത്തോടെയും പ്രാർഥനകളോടെയും വിശ്വാസ സമൂഹം ദേവാലയങ്ങളിൽ എത്തും. നഗരികാണിക്കലും സ്ലീബ വന്ദനവും പ്രദക്ഷിണവും ഉൾപ്പെടെയുള്ള ചടങ്ങുകൾ ദേവാലയങ്ങളിലുണ്ടാകും. നേർച്ച കഞ്ഞി വിതരണവും ക്രമീകരിച്ചിട്ടുണ്ട്.
രൂപത അധ്യക്ഷന്മാരുടെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷകൾ നടക്കുന്നത്. കുടമാളൂർ പള്ളിയിൽ നീന്തു നേർച്ചയും ആരംഭിച്ചു.
Also read: ഇന്ന് പെസഹ വ്യാഴം; അന്ത്യ അത്താഴ ഓർമ പുതുക്കി ക്രൈസ്തവ വിശ്വാസികൾ