കോട്ടയം: കേരള കോൺഗ്രസ് എം കോട്ടയം ജില്ല പ്രസിഡന്‍റ് ആയി പ്രൊഫ. ലോപ്പസ് മാത്യുവിനെ തെരഞ്ഞെടുത്തു. കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന തെരഞ്ഞടുപ്പിൽ സമവായത്തിലൂടെയാണ് ലോപ്പസ് മാത്യുവിനെ തെരഞ്ഞെടുത്തത്. കേരള കോൺഗ്രസ് എം തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ അവതരിപ്പിച്ച ഭാരവാഹി പാനലിന് പാർട്ടി പ്രതിനിധികളുടെ സമ്മേളനം അംഗീകാരം നൽകി. തുടർന്നാണ് ജില്ല പ്രസിഡന്‍റിന്‍റെ പേരിന് അംഗീകാരം നൽകിയത്.
പ്രൊഫ. ലോപ്പസ് മാത്യു കെ.എസ്.സിയിലൂടെയും, യൂത്ത്ഫ്രണ്ടിലൂടെയുമാണ് കേരള കോണ്‍ഗ്രസ് ഭാരവാഹിയാകുന്നത്. കെ.എസ്.സി പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ്, യൂത്ത്ഫ്രണ്ട് പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ്, ജില്ല സെക്രട്ടറി, ജില്ല പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പാലാ സെന്‍റ് തോമസ് കോളജിലും, അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജിലും ഫിസിക്‌സ് അധ്യാപകനായി ജോലി ചെയ്‌ത ഇദ്ദേഹം അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജില്‍ ഫിസിക്‌സ് വിഭാഗം തലവനായിട്ടാണ് സര്‍വിസില്‍ നിന്നും വിരമിച്ചത്.
കോട്ടയം ജില്ല പഞ്ചായത്ത് മെമ്പര്‍, എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍, ഹയര്‍ എഡ്യൂക്കേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, കേരള പബ്ലിക്ക് സര്‍വിസ് കമ്മിഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.