കോട്ടയം: കൊവിഡിന്‍റെ രണ്ടാം വരവ് കുമരകം ടൂറിസം മേഖലയെ പാടേ തകർത്തു. ഡിസംബർ മുതൽ അൽപം പച്ചപിടിച്ചുതുടങ്ങിയ ഹൗസ് ബോട്ട് വ്യവസായ മേഖല വീണ്ടും തകർച്ചയിലായി. ഇളവ് ലഭിച്ചതുമുതല്‍ മലയാളികളായ സഞ്ചാരികൾ എത്തിയിരുന്നത് മേഖലയ്ക്ക് അല്‍പ്പം ആശ്വാസമായിരുന്നു.
വേമ്പനാട്ട് കായലിലൂടെ ഹൗസ് ബോട്ടിൽ സഞ്ചരിച്ച് കായലിന്‍റെ സൗന്ദര്യം നുകരാൻ ധാരാളം ആളുകൾ എത്തിയിരുന്നു. നിർത്തിയിട്ടിരുന്ന ബോട്ടുകൾ കായൽ യാത്രയിലൂടെ സജീവമായി. പിന്നാലെയാണ് കൊവിഡിന്‍റെ രണ്ടാം വരവ്. ഇതോടെ ആളുകൾ വരാതായി. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഈ മേഖല നിശ്ചലമായി.
കൂടുതല്‍ വായനയ്‌ക്ക്: ETV Bharat Impact:പട്ടികവര്‍ഗക്കാരുടെ പേരില്‍ തൊഴിലുറപ്പ് തട്ടിപ്പ്, വിവരങ്ങള്‍ തേടി തൊഴിലുറപ്പ് മിഷൻ
120ൽ പരം ഹൗസ് ബോട്ടുകളും 150ൽപരം ശിക്കാര വള്ളങ്ങളുമാണ് കുമരകം കേന്ദ്രമാക്കി പ്രവർത്തിക്കുന്നത്. കൊവിഡ് വീണ്ടും ഭീഷണിയായതോടെ ഹൗസ് ബോട്ടുമായി നൂറ് കണക്കിനാളുകള്‍ക്ക് തൊഴിലില്ലാതായി. ബാങ്ക് വായ്പയെടുത്ത് ഹൗസ് ബോട്ട് വ്യവസായത്തിലേർപ്പെട്ടവർ കടക്കെണിയിലായി. വായ്പ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ വന്നതോടെ പൊളിച്ചുവിൽക്കേണ്ട ഗതികേടിലാണ് ഉടമകൾ.
കൊവിഡ് ആദ്യമെത്തിയപ്പോൾ സർക്കാർ പ്രഖ്യാപിച്ച ബാങ്ക് വായ്പകൾ ഇതുവരെ ഇവർക്ക് ലഭിച്ചിട്ടില്ല. ഒന്നര വർഷമായി ഓടാതെ കിടന്ന ബോട്ടുകൾക്ക് തകരാറുകളും സംഭവിച്ചു. ഇത് നന്നാക്കിയെടുക്കാൻ ഇവരുടെ കയ്യില്‍ പണമില്ല. ഈ സാഹചര്യത്തിൽ സർക്കാരില്‍ നിന്ന് കൂടുതൽ സഹായങ്ങൾ ലഭ്യമാക്കണമെന്ന് ഹൗസ് ബോട്ട് ഉടമകൾ ആവശ്യപ്പെട്ടു. ഹൗസ് ബോട്ട് വ്യവസായത്തിനൊപ്പo ഹോട്ടൽ വ്യവസായ മേഖലയും മറ്റ് അനുബന്ധ മേഖലകളും തകർച്ച നേരിടുകയാണ്. എല്ലാ മേഖലയ്ക്കും ആനുകൂല്യങ്ങൾ നൽകുന്ന സർക്കാർ ടൂറിസം മേഖലയെ പാടേ അവഗണിച്ചെന്നാണ് ഇവരുടെ പരാതി.