കോട്ടയം: ആശങ്കകൾക്ക് വിരാമമിട്ട് കോട്ടയം ജില്ലയിൽ ബസുകൾ ഓടിതുടങ്ങി. രാവിലെ ഏഴ് മണി മുതലാണ് ജില്ലയിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും ബസുകൾ സർവീസ് നടത്തി തുടങ്ങിയത്. ഹ്രസ്വദൂര സർവീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്.
കോട്ടയം ഡിപ്പോയിൽ നിന്നും 17 ബസുകളും, പാലായിൽ നിന്ന് 14 ബസുകളും, പൊൻകുന്നം, വൈക്കം ഡിപ്പോകളിൽ നിന്ന് പന്ത്രണ്ടും ഇരാറ്റുപേട്ടയിൽ നിന്ന് അഞ്ചും എരുമേലിയിൽ നിന്ന് എട്ട് ബസുകളും സർവീസ് നടത്തും. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സി തീരുമാനം. ജില്ലാ അതിർത്തികളിൽ ബസ് യാത്ര അവസാനിപ്പിക്കും.
എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കി ഉയർത്തിയ പുതിയ നിരക്കിലാണ് ബന്ധുക്കളുടെ സർവീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാകും ബസ് സർവീസുകൾ നടത്തുക. രാവിലെ എഴിന് തുടങ്ങുന്ന സർവ്വീസുകൾ 11 മണിക്ക് അവസാനിപ്പിക്കും ശേഷം ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ ഏഴ് മണി വരെയാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുക. യാത്രക്കാർ കൂടുതലായി എത്തിയാൽ ഈ ഷെഡ്യൂളിനിടയിലും സർവീസ് നടത്താൻ നിർദ്ദേശമുണ്ട്.
അതേ സമയം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാസ്ക്കുകളും സാനിറ്റൈസറുകളും നൽകുമെന്ന പ്രഖ്യാപനം പ്രവർത്തികമായില്ലന്നും ആരോപണമുണ്ട്. ജില്ലയിൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്നില്ല.