കോട്ടയം: കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്‌പരം കൈമാറി ലൈംഗിക വേഴ്‌ച നടത്തിയ കേസിൽ പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായെന്ന് സഹോദരൻ. വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തി. നിരവധി സ്ത്രീകള്‍ പുറത്തുപറയാന്‍ കഴിയാത്ത കെണിയിലാണെന്നും ഇദ്ദേഹം പറഞ്ഞു.
സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചത്. സമ്മതിച്ചില്ലെങ്കിൽ ക്രൂരമായി മർദിക്കുമായിരുന്നു. കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തി. അമ്മ മനസുവച്ചാൽ പണക്കാരാകാമെന്ന് പ്രതി കുട്ടികളോട് പറഞ്ഞു.
ആലപ്പുഴ ബീച്ചിലേക്ക് പോകാൻ ഇരുന്നപ്പോഴാണ് സഹോദരി കാര്യം പറഞ്ഞത്. വല്ലാത്ത ഹൃദയ വേദനയിലാണ് കുടുംബം. ആദ്യം ഒരു തവണ ഇതുപോലെ പ്രേരിപ്പിച്ചപ്പോൾ സ്റ്റേഷനിൽ കേസ് കൊടുത്തതാണ്. അന്ന് തമാശയ്ക്ക് പറഞ്ഞതാണെന്ന് അറിയിച്ച് കേസ് പിൻവലിപ്പിച്ചു.
വേറെ എങ്ങും പോകാൻ കഴിയാത്ത കുറേ സ്‌ത്രീകള്‍ ഇതിൽപ്പെട്ട് കിടപ്പുണ്ടെന്നും എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരാതിക്കാരിയുടെ സഹോദരൻ പറഞ്ഞു.
ചങ്ങനാശ്ശേരി സ്വദേശിയുടെ പരാതിയിൽ 9 പേർക്കെതിരെയാണ് കേസ്. ഇതുവരെ 6 പേരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ കൊല്ലം സ്വദേശി സൗദിയിലേക്ക് കടന്നുവെന്നാണ് വിവരം.
ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ അയ്യായിരത്തിന് മുകളിൽ അംഗങ്ങളുള്ള 15 സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.