കോട്ടയം: 17 മാസത്തെ ഔദ്യോഗിക ജീവിതത്തോട് മെയ്യ് 31ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് സുധീർ ബാബുവിന്‍റെ മടക്കം. ജില്ലയുടെ നാല്‍പത്തിയഞ്ചാമത് കലക്ടറായി ഡിസംബർ 27നാണ് കണ്ണൂർ ധർമ്മടം സ്വദേശിയായ പി.കെ സുധീർ ബാബു ചുമതലയേറ്റത്. സാമൂഹ്യനീതി വകുപ്പിൽ ജില്ലാ പ്രൊബേഷൻ ഓഫീസറായായിട്ടായിരുന്നു സർക്കാർ സർവീസിലെ സുധീർ ബാബുവിന്‍റെ തുടക്കം. തുടർന്ന് സ്റ്റേറ്റ് അഡോപ്ഷൻ ഓഫീസർ, ബാലനീതി നടപടിക്രമങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്‍റ് ഡയറക്ടർ എന്നീ പദവികൾക്ക് ശേഷം ഡെപ്യൂട്ടി കലക്ടറായി നിയമതിനായി. ശേഷം നിരവധി മേഖലകളിൽ പ്രവർത്തിച്ചെങ്കിലും തൊഴിൽ പരമായി സംതൃപ്തിയുണ്ടായത് കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന്‍റെ ചുമതലയുള്ള സ്പെഷ്യൽ ഓഫീസറായി പ്രവർത്തിച്ചപ്പോൾ മാത്രമെന്ന് പി.കെ സുധീർ ബാബു ഓർത്തെടുക്കുന്നു.
പതിനേഴ് മാസം കൊണ്ട് കോട്ടയം ജില്ലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലയെന്ന് അദ്ദേഹം പറയുമ്പോഴും വർഷങ്ങളായി മുടങ്ങി കിടന്ന റെയിൽ പാത ഇരട്ടിപ്പിക്കലിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചതും, ഹാരിസൺ മലയാളം കമ്പനി കൈവശപ്പെടുത്തിയ ഭൂമി തിരികെ പിടിക്കുന്നതിനായി കേസ് ഫയൽ ചെയ്തതും കഴിഞ്ഞ ഒന്നര വർഷത്തിനിടയിലാണ്. പ്രളയ രക്ഷ-ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പാലാ ഉപതെരഞ്ഞെടുപ്പ്, ലൈഫ് ഭവന പദ്ധതി പൂർത്തീകരണം എന്നിവയും മികവുറ്റതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
കോവിഡ് 19 ജില്ലയിൽ റിപ്പോർട്ട് ചെയ്തപ്പോൾ രാപ്പകൽ വ്യത്യസമില്ലാത്ത രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം അദ്ദേഹം നടത്തി. ജില്ലയിലെ തന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകിയ പൊതുസമൂഹത്തിനും ഉദ്യോഗസ്ഥ വൃന്ദത്തിനും നന്ദിയർപ്പിച്ച അദ്ദേഹം, രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടന്നും പറയുന്നു. വിരമിക്കലിന് ശേഷം കണ്ണൂരിലെ ധർമ്മടത്തെ വീട്ടിലെ വിശ്രമ ജീവിതത്തിലേക്കാണ് പി.കെ സുധീർ ബാബുവിന്‍റെ മടക്കം.