കോട്ടയം: കൂട്ടിക്കൽ പ്രളയദുരന്തത്തിൽ എല്ലാം തകർന്ന നാട്ടുകാർക്ക് വേണ്ടി ഗവർണറെ കണ്ട് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കേന്ദ്ര സഹായത്തിനായി ഗവർണർക്ക് എംഎൽഎ നിവേദനം നൽകി. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ ഗവർണർ കൂട്ടിക്കൽ സന്ദർശനം മാറ്റി വക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഗവർണറെ നാട്ടകം ഗസ്റ്റ് ഹൗസിൽ എത്തി സന്ദർശിച്ചത്.
ഒക്‌ടോബർ പതിനാറാം തീയതിയാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ ഉൾപ്പെടെ പ്രദേശങ്ങളിൽ പ്രകൃതി ദുരന്തമുണ്ടായത്. ദുരന്തത്തിൽ കേന്ദ്ര സഹായം അഭ്യർഥിച്ചാണ് എംഎൽഎ ഗവർണറെ കണ്ടത്.
കേന്ദ്രസഹായം ഉറപ്പുവരുത്തുമെന്ന് ഗവർണർ
ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്തുണ്ടായ നാശനഷ്‌ടങ്ങൾ എംഎൽഎ ഗവർണറെ ധരിപ്പിച്ചു. റോഡുകളും, പാലങ്ങളും ഒലിച്ചുപോയതും ഗതാഗത, വാർത്താവിനിമയ ജലവിതരണം, വൈദ്യുതി ബന്ധങ്ങൾ ആകെ തകരാറിലായതും അടിയന്തരമായി പുനസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും എംഎൽഎ ഗവർണറുടെ ശ്രദ്ധയിൽപെടുത്തി. വിഷയത്തിൽ കേന്ദ്രസഹായം ഉറപ്പുവരുത്തുമെന്ന് ഗവർണർ എംഎൽഎക്ക് ഉറപ്പുനൽകി.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതിനിധികളെ മേഖലയിലേക്ക് അയക്കണമെന്ന് നിർദേശിക്കുമെന്നും സമീപനാളിൽ തന്നെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും ഗവർണർ അറിയിച്ചു. കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി അംഗവും സംസ്ഥാന മീഡിയ കോർഡിനേറ്ററുമായ വിജി എം.തോമസും എം.എൽ.എയ്‌ക്കൊപ്പമുണ്ടായിരുന്നു.
READ MORE: മുണ്ടക്കയം ഉരുൾപൊട്ടല്‍; ഗവർണറുടെ സന്ദർശനം റദ്ദാക്കി