കോട്ടയം: എല്‍ഡിഎഫ് മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ച രണ്ട് ക്യാബിനറ്റ് പദവികള്‍ പ്രഖ്യാപിച്ചു. റോഷി അഗസ്റ്റിൻ മന്ത്രിയും ഡെപ്യൂട്ടി ലീഡര്‍ ഡോ എൻ ജയരാജ് ചീഫ് വിപ്പുമാകും. രണ്ട് മന്ത്രിസ്ഥാനം എന്നതായിരുന്നു കേരള കോൺഗ്രസ് ഇടതു മുന്നണിക്ക് മുന്നിൽ വച്ച ആവശ്യം. എന്നാൽ ഒരു മന്ത്രിസ്ഥാനവും ഒരു ചീഫ് വിപ്പ് പദവിയുമാണ് എൽഡിഎഫ് നൽകിയത്. ഇതിൽ മന്ത്രിസ്ഥാനം റോഷി അഗസ്റ്റിനും ചീഫ് വിപ്പ് പദവി ഡോ എൻ ജയരാജിനും നൽകാനാണ് തീരുമാനം. ഇക്കാര്യം സംബന്ധിച്ച കത്ത് പാർട്ടി ചെയർമാൻ ജോസ് കെ മാണി മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും കൈമാറി.
Read more: റോഷി അഗസ്റ്റിന് മന്ത്രിസ്ഥാനം; മുഖ്യമന്ത്രിക്ക് കത്ത് കൈമാറി ജോസ് കെ. മാണി
ചില വകുപ്പുകൾ പാർട്ടിക്ക് വേണമെന്ന് ആഗ്രഹമുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും അർഹമായ വകുപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസിന് ജലസേചനമോ പൊതുമരാമത്ത് വകുപ്പോ ലഭിക്കാനാണ് സാധ്യത. അഞ്ചാം തവണയാണ് ഇടുക്കിയെ പ്രതിനിധീകരിച്ച് റോഷി അഗസ്റ്റിൻ നിയമ സഭയിൽ എത്തുന്നത്. എൻ ജയരാജ് കാഞ്ഞിരപ്പള്ളിയിൽ നിന്നും നാലാം തവണയും. അതേ സമയം, പാർട്ടി തീരുമാനങ്ങൾ ചെയർമാൻ അറിയിച്ചു കഴിഞ്ഞതായും പാർട്ടിക്ക് ലഭിച്ച മന്ത്രി സ്ഥാനം പാർട്ടിക്ക് വിധേയമായും ജനസേവനത്തിനായും വിനിയോഗിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതം ഉൾക്കൊണ്ട് മുന്നോട്ട് കൊണ്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.