കോട്ടയം: കേരള കോൺഗ്രസില്‍ അധികാരത്തർക്കം രൂക്ഷമാകുന്നതിനിടെ പാർട്ടി പിളർപ്പിലേക്ക് എന്ന സൂചന നല്‍കി ജോസ് കെ മാണി വിഭാഗം. ജോസ് കെ മാണിയെ ചെയർമാനായി തീരുമാനിക്കാൻ ഇന്ന് ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന സമിതി യോഗം അനധികൃതമെന്ന് പിജെ ജോസഫ് നിലപാട് സ്വീകരിച്ചതോടെ പാർട്ടിയില്‍ പിളർപ്പ് ഉറപ്പായി. ഇന്ന് യോഗം വിളിച്ചവർ സ്വയം പുറത്തുപോകുകയാണെന്ന് പിജെ ജോസഫ് രാവിലെ വ്യക്തമാക്കി. സമവായ നീക്കം ഇല്ലാതാക്കിയത് ജോസ് കെ മാണിയെന്നും പിജെ ജോസഫ് പറഞ്ഞു.
കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് വർക്കിങ് ചെയർമാന് ചെയർമാന്‍റെ ചുമതല ഉണ്ടെന്ന നിലപാട് പിജെ ജോസഫ് ആവർത്തിച്ചു. സമവായ ശ്രമം തുടരുമെന്ന് പറഞ്ഞ ജോസഫ് 28 ഹൈ പവർ കമ്മിറ്റി അംഗങ്ങളില്‍ 15 പേരുടെ പിന്തുണ തനിക്കുണ്ടെന്നും വ്യക്തമാക്കി. സിഎഫ് തോമസ്, ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടൻ, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള അടക്കമുള്ള നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും ഇന്ന് ജോസ് കെ മാണി വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നവർ തെറ്റിദ്ധാരണ മൂലമാണ് പോകുന്നതെന്നും ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും ജോസഫ് പറഞ്ഞു. അതേസമയം മുതിർന്ന നേതാവായ സിഎഫ് തോമസ് ഇന്ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. പാർട്ടിയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. മധ്യസ്ഥശ്രമങ്ങൾ അവസാനിച്ചിട്ടില്ല. ജനങ്ങളുടെ ചിന്ത അനുസരിച്ച് പ്രവർത്തിക്കുമെന്നും സി.എഫ് തോമസ് രാവിലെ പറഞ്ഞു.
ഇന്ന് കോട്ടയത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കരുത് എന്നും യോഗം പാർട്ടി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി പി.ജെ ജോസഫ്, പാർട്ടി എം.എൽ.എ മാർക്കും എം.പിമാർക്കും ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ജോസ് കെ മാണിക്കും സന്ദേശം അയച്ചതായാണ് വിവരം. അതേസമയം, ഇന്നത്തെ യോഗം അച്ചടക്കലംഘനമെന്ന് മുതിർന്ന നേതാവ് ജോയി എബ്രഹാമും നിലപാട് പരസ്യമാക്കി. ഭരണഘടന പ്രകാരം വർക്കിംഗ് ചെയർമാനാണ് താൽകാലിക ചെയർമാൻ. സമവായ നീക്കത്തിലൂടെയാണ് ജോസ് കെ മാണിയടക്കം നേതൃത്വത്തിലേക്ക് വന്നതെന്നും ജോയ് എബ്രഹാം പറഞ്ഞു. അതിനിടെ, കേരള കോൺഗ്രസിലെ പിളർപ്പ് ഒഴിവാക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെടുന്നുണ്ട്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നല്‍കുന്നത്.