കോട്ടയം: ലോക്‌ഡൗൺ കാലത്ത് ജില്ലയിലെ അർഹരായ മുഴുവൻ വൃക്ക രോഗികൾക്കും ഡയാലിസ് സൗജന്യമാക്കാനൊരുങ്ങി കോട്ടയം ജില്ലാ പഞ്ചായത്ത്. സ്ഥിരമായി ഡയാലിസ് ചെയ്‌തിരുന്നവരടക്കമുള്ള നിരവധിയാളുകളുടെ ചികിത്സ ലോക്‌ഡൗണിൽ മുടങ്ങിയതോടെയാണ് ചികിത്സ സൗകര്യമൊരുക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്. 15 ലക്ഷം രൂപയാണ് വൃക്ക രോഗികളുടെ ചികിത്സ ചിലവുകൾക്കായി ജില്ലാ പഞ്ചായത്ത് അടിയന്തരമായി മാറ്റിവച്ചത്.
നിലവിൽ സൗജന്യ ഡയാലിസിസിന് സൗകര്യമുള്ള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി എന്നിവയ്ക്ക് പുറമെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ഡയാലിസിസിനുള്ള സൗകര്യമേർപ്പെടുത്തും. ഒരു ഡയാലിസിസിന് 950 രൂപാ വീതം ജില്ലാ പഞ്ചായത്ത് സ്വകാര്യ ആശുപത്രികൾക്ക് നൽകും. ഡയാലിസിസ് കിറ്റും ഡയാലിസിസ് ചെയ്യുന്നതിന്നുള്ള ചിലവുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രോഗികളായിട്ടുള്ളവർ നിലവിൽ ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയിൽ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് നൽകിയാൽ മതിയാകും.
കാരുണ്യാ, ഇ.എസ്.ഐ, ഇ.സി.എച്ച്.എസ് സ്വകാര്യ ഇൻഷുറൻസ് എന്നിവയുടെ ക്ലെയിം ഉള്ളവരെ ഒഴിവാക്കിയാണ് പദ്ധതി. ലോക്‌ഡൗൺ അവസാനിക്കുന്ന മെയ് മൂന്നാം തീയ്യതി വരെയാണ് ഇത്തരത്തിൽ സൗജന്യ ഡയാലിസിസ് ലഭ്യമാക്കുക. പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം കലക്‌ട്രേറ്റിൽ ചേർന്നിരുന്നു. ജില്ലാ കലക്ടർ പി.കെ സുധീർ ബാബുവിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന് ശേഷമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ സൗജന്യ ഡയാലിസിസിനായി 15 ലക്ഷം രൂപാ നീക്കിവച്ചിരിക്കുന്നതായി പ്രഖ്യാപിച്ചത്.