കോട്ടയം : കോട്ടയം തിരുനക്കര മൈതാനത്ത് മദ്യപിച്ചെത്തിയ മധ്യവയസ്‌കന്‍ യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു. മൈതാനത്തിന്‍റെ പിൻഭാഗത്ത് ശുചിമുറിയ്ക്ക് സമീപത്തുവച്ചാണ് ഇയാള്‍ യുവാവിനെ ആക്രമിച്ചത്.
ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയോട് സംസാരിച്ചിരുന്ന യുവാവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ചവരെയും ഇയാൾ മർദിച്ചു. മദ്യലഹരിയിലായിരുന്ന ഇയാള്‍ ധരിച്ചിരുന്ന മുണ്ടുരിഞ്ഞ് നഗ്നതാപ്രദർശനവും നടത്തി.
Also read: ആഘോഷങ്ങൾക്കൊപ്പം ഓണ്‍ലൈന്‍ ഷോപ്പിങില്‍ വ്യാജന്‍മാരെ സൂക്ഷിക്കുക
പരിക്കേറ്റ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം പരസ്യമായി മദ്യപിക്കുകയായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, തിരുനക്കര മൈതാനം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായെന്നും ഇതിനെതിരെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.