കോട്ടയം: ടിവിയിലും ചിത്രങ്ങളിലും മറ്റും മാത്രം കണ്ടിട്ടുള്ള റെയില്‍വേ സ്റ്റേഷന്‍ ആദ്യമായി കണ്ടപ്പോള്‍ പലരുടേയും ആഹ്ളാദവും ആവേശവും പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ട്രെയിനും റെയില്‍ പാളവും തൊട്ടടുത്ത് കാണുന്നതും ആദ്യമായിട്ടായിരുന്നു. പലരും കാഴ്‌ചകള്‍ കണ്ട് അമ്പരന്ന് നിന്നു. കോട്ടയം വെസ്റ്റ് ബിആര്‍സിയുടെ കീഴിലുള്ള വിവിധ സ്‌കൂളുകളില്‍ നിന്നായി ഭിന്നശേഷിക്കാരായ 25 വിദ്യാര്‍ഥികളാണ് കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ നേരില്‍ കാണാനെത്തിയത്.
സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസ്, അസി. സ്റ്റേഷന്‍ മാനേജര്‍മാരായ മഹേഷ്, പ്രതാപന്‍ എന്നിവര്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം, പ്ലാറ്റ്‌ഫോമുകളുടെ ക്രമീകരണം, സിഗ്നല്‍ സംവിധാനം തുടങ്ങിയവ വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊപ്പമാണ് വിദ്യാര്‍ഥി സംഘം റെയില്‍വേ സ്റ്റേഷനിലെത്തിയത്. പാഠ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.
ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ രേണുക ബി, ട്രെയിനര്‍ അരവിന്ദ് ജി, അധ്യാപകരായ മേരി എലിസബത്ത്, യുവി എബ്രഹാം, സുബിമോള്‍ സെബാസ്റ്റ്യന്‍, ഷീലാമ്മ ജോസഫ്, ഷീബ തുടങ്ങിയവര്‍ പഠന യാത്രയ്ക്ക് നേതൃത്വം നല്‍കി. റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശനത്തിന് ശേഷം കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍, എസ്‌പി ഓഫിസ്, ഹെഡ് പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയാണ് വിദ്യാര്‍ഥി സംഘം മടങ്ങിയത്.
Also read: 'കുടുംബ ബന്ധങ്ങൾക്ക് പുട്ട് വില്ലൻ'! രസകരമായ ഉത്തരവുമായി മൂന്നാം ക്ലാസ് വിദ്യാർഥി