കോട്ടയം: പൊതുജനങ്ങൾക്ക് പരാതികൾ നൽകുന്നതിന് റേഷൻ കടകൾക്ക് മുമ്പിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. താല്‍ക്കാലികമായി റദ്ദ് ചെയ്‌ത റേഷൻ കടകളുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കുന്ന അദാലത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾ പരാതിപ്പെട്ടിയിലൂടെ നൽകുന്ന പരാതികൾ എല്ലാ ആഴ്‌ചയിലും റേഷനിങ് ഇൻസ്‌പെക്‌ടർമാർ ശേഖരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. തുടർ നടപടികൾക്കായി റേഷൻ കട-താലൂക്ക് തല വിജിലൻസ് കമ്മിറ്റികളുടെ പ്രവർത്തനം ഊർജ്ജിതമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടു കിലോമീറ്ററിനുള്ളിൽ ഒരു റേഷൻ കട
റേഷൻ കാർഡുകളിലെ പിശകുകൾ തിരുത്താനും വിവരങ്ങൾ ഉൾക്കൊള്ളിക്കാനും നവംബർ 15 മുതൽ ഡിസംബർ 15 വരെ 'തെളിമ' പദ്ധതി ആരംഭിക്കും. ജനുവരിയിൽ തെറ്റുകളില്ലാത്ത റേഷൻ കാർഡുകൾ നിലവിൽ വരും. അഞ്ചു ശതമാനം കാർഡുകൾ ആധാറുമായി ബന്ധിക്കപ്പെട്ടിട്ടില്ലെന്നും ഇവ ജനുവരി ഒന്നിനകം ആധാറുമായി ബന്ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ജനുവരി ഒന്നു മുതൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഓഫിസുകൾ പൂർണമായി ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറും. ഡിസംബർ ഒന്നു മുതൽ ജില്ല, താലൂക്ക് സപ്ലൈ ഓഫിസുകളിൽ ഹെൽപ് ഡെസ്‌ക് ആരംഭിക്കും. ഡിസംബർ 15 നുള്ളിൽ റദ്ദു ചെയ്‌ത ലൈസൻസുകളിൽ അന്തിമ തീരുമാനമെടുത്ത് പുതിയ ലൈസൻസുകൾ അനുവദിക്കും.
പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി രണ്ടു കിലോമീറ്ററിനുള്ളിൽ ഒരു റേഷൻ കട എന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. രണ്ടിലധികം കടകൾ ഒരുമിച്ചാക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സമയബന്ധിതമായി നടപടിയെടുക്കും. ഡിസംബർ 15 നുള്ളിൽ എല്ലാ ജില്ലകളിലും അദാലത്ത് പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also read: റേഷന്‍ കാര്‍ഡുകള്‍ ഇനി മുതല്‍ എടിഎം കാര്‍ഡ് രൂപത്തിലും ; ഓണ്‍ലൈനായി അപേക്ഷിക്കാം