കോട്ടയം: അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗാന്ധിനഗർ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് നടത്തിപ്പുകാരനെതിരെ പൊലീസ് കേസെടുത്തു. ഗാന്ധിനഗർ കേന്ദ്രമായി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് സാന്ത്വനം. ട്രസ്റ്റ് ഡയറക്ടറായ ആനി ബാബുവിന്‍റെ ഭർത്താവ് ബാബു വർഗീസ് പെൺകുട്ടിയെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ആരോപണ വിധേയനായ ബാബു വർഗീസിന്‍റെ അമ്മയെ പരിചരിക്കാനായി സാന്ത്വനത്തിൽ നിന്നും കുട്ടികളെ ഇവരുടെ വീട്ടിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. ഇങ്ങനെ എത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംഭവത്തിൽ ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി പരാതിയുമായി രംഗത്തെത്തിയത്. പീഡനവിവരം പെൺകുട്ടി ട്രസ്റ്റ് അധികൃതരരെ അറിയിച്ചിരുന്നെങ്കിലും വിവരം ഇവർ പൂഴ്ത്തിവയ്ക്കുകയായിരുന്നു. തുടർന്ന് ട്രസ്റ്റ് അധികൃതരുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് പരാതിയുമായി പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുമ്പിൽ എത്തിയത്.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചൈൽഡ് വെൽഫെയർ കമ്മറ്റി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതോടെ കോട്ടയം വനിതാ സ്റ്റേഷനിലേക്ക് പരാതി കൈമാറുകയായിരുന്നു. ട്രസ്റ്റ് അന്തേവാസികളായ മറ്റ് പെൺകുട്ടികളും ബാബു വർഗീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന പതിനേഴ് കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മറ്റി സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.