കോട്ടയം: നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം പൊളിച്ചുനീക്കുന്നതിന്‍റെ പ്രവൃത്തികള്‍ ആരംഭിച്ചു. അർദ്ധരാത്രി മുതൽ ആരംഭിക്കാനിരുന്ന ജോലികള്‍ ശക്തമായ മഴയെ തുടര്‍ന്ന് വൈകിയാണ് ആരംഭിച്ചത്. പാലം പൊളിച്ചുനീക്കല്‍ ത്വരിതഗതിയിലാണ് പുരോഗമിക്കുന്നത്. പുലർച്ചയോടെ പാലത്തിന്‍റെ ആര്‍ച്ച് പൂർണ്ണമായും നീക്കം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്.പാലം പൊളിക്കൽ നടപടികൾ അരംഭിച്ച് 10 മണിക്കൂർ പിന്നിടുമ്പോൾ പാലത്തിന്റെ ഒരു ആർച്ച് മാത്രമാണ് മുറിച്ചുനീക്കാനായത്. ആർച്ചുകൾ മുറിച്ച് മാറ്റി പാലത്തിന്റെ ബലം കുറച്ച് പാലം ഉയർത്തി നിർത്തിയ ശേഷമാകും മുറിച്ച് നീക്കുക.
പാലം പൊളിക്കുന്നതിന്‍റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്ന് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. നാളെ 31 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 26 ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു. മൂന്ന് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പാലം മുറിച്ച് നീക്കാൻ തീരുമാനിച്ചത്. എന്നാൽ 24 മണിക്കൂറിനുള്ളിൽ പാലം പൂർണ്ണമായും പൊളിച്ച് നീക്കാൻ കഴിയുമോ എന്ന ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്.