കോട്ടയം: തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് വീട് ജപ്‌തി ചെയ്‌തതോടെ രോഗിയായ വയോധികയും മകനും വരാന്തയില്‍ കഴിഞ്ഞത് 14 ദിവസം. കോട്ടയം മുള്ളംകുഴി സ്വദേശി ശകുന്തളയ്‌ക്കും മകനുമാണ് ജപ്‌തി ചെയ്‌ത വീടിന്‍റെ വരാന്തയില്‍ രണ്ടാഴ്‌ച കഴിയേണ്ടി വന്നത്. തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് വായ്‌പ തിരിച്ചടവിന് ബാങ്ക് സമയം നീട്ടി നല്‍കി.
2016-ൽ സ്വകാര്യ ബാങ്കില്‍ നിന്ന് ശകുന്തള ആറ് ലക്ഷത്തോളം രൂപ ഭവന വായ്‌പ എടുത്തിരുന്നു. 2018 വരെ തവണകളായി ഏകദേശം 90,000 രൂപ അടച്ചു. പിന്നീട് കൊവിഡ് പ്രതിസന്ധി മൂലം വായ്‌പ തിരിച്ചടവ് മുടങ്ങി.
ഇതോടെ ബാങ്കില്‍ നിന്ന് പല തവണ നോട്ടിസ് ലഭിച്ചു. ഒരു മാസം മുന്‍പ് ആറ് ലക്ഷം രൂപ തിരിച്ചടയ്‌ക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. ഈ തുക അടയ്‌ക്കാതെ വന്നതോടെ ജൂണ്‍ 10-ന് ബാങ്ക് ഉദ്യോഗസ്ഥരെത്തി വീട് ജപ്‌തി ചെയ്‌തു.
വീട്ടു സാധനങ്ങൾ പുറത്ത് എടുത്തു വച്ച് വീട് പൂട്ടി സീൽ ചെയ്യുകയായിരുന്നു. രോഗിയായ ഇവരുടെ മരുന്ന് പോലും വീടിനുള്ളില്‍ നിന്ന് എടുക്കാൻ അനുവദിച്ചില്ല. മൂന്ന് ദിവസം കഴിയുമ്പോള്‍ വീട് തുറന്ന് നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ രണ്ടാഴ്‌ച പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നും ശകുന്തള പറഞ്ഞു.
അതേസമയം, നിയമ പ്രകാരമാണ് ജപ്‌തി നടപടിയുണ്ടായതെന്നാണ് ബാങ്കിന്‍റെ വിശദീകരണം. തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ എംഎല്‍എ ബാങ്ക് അധികൃതരുമായി സംസാരിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. തുടര്‍ന്ന് വായ്‌പ തിരിച്ചടവിന് ബാങ്ക് അധികൃതര്‍ സമയം നീട്ടി നല്‍കി.