കോട്ടയം: വൈക്കം പോളശ്ശേരി കായിക്കരയിലെ അങ്കണവാടി കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞുവീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. കായിക്കര പനയ്ത്തറ അജേഷിന്‍റെ മകൻ ഗൗതമിനാണ് (3) പരിക്കേറ്റത്. കുട്ടിയുടെ മൂക്കിനും കാലിനും പരിക്കേറ്റതിനെ തുടർന്ന് കുട്ടിക്ക് ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി.
കുട്ടിയുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വിദഗ്‌ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ (ഐസിഎച്ച്) പ്രവേശിപ്പിച്ചു. ഇന്ന് (25.04.2022) രാവിലെ 11 മണിയോടെയാണ് സംഭവം. പത്തോളം കുട്ടികളുള്ള അംഗനവാടിയിൽ രണ്ടു കുട്ടികൾ മാത്രമാണ് ഇന്ന് (25.04.2022) എത്തിയത്.
കൂടുതൽ കുട്ടികൾ എത്താതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീടിനോടു ചേർന്നു പണിത ഷീറ്റിട്ട മുറിയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ചെങ്കല്ല് കൊണ്ട് നിർമ്മിച്ച അടുക്കളയ്ക്ക് മീതെ കോൺക്രീറ്റ് കട്ട കൊണ്ട് നിർമ്മിച്ച മുറിയിൽ നിന്ന് പുറത്തേക്കു തള്ളി സ്ലാബ് സ്ഥാപിച്ച് അലമാര തീർത്തിരുന്നു.
മഴയിൽ കുതിർന്ന ഭിത്തി ഭാരം താങ്ങാനാവാതെ മറിയുകയായിരുന്നു. വിവരമറിഞ്ഞ് നഗരസഭ ഐ സി ഡി എസ് അധികൃതർ സ്ഥലത്തെത്തി. കുറ്റമറ്റ സ്ഥലത്തേക്ക് അംഗനവാടി മാറ്റി സ്ഥാപിച്ച് പഠനം പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.