കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് പോളിങ് ജോലികള്‍ക്കായി 812 ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനം. പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, രണ്ടാം പോളിങ് ഓഫീസര്‍, മൂന്നാം പോളിങ് ഓഫീസര്‍ എന്നിവരടങ്ങുന്ന നാല് പേരുടെ സംഘമാണ് ഒരു ബൂത്തിലുണ്ടാവുക. ഇതനുസരിച്ച് മണ്ഡലത്തിലെ 176 ബൂത്തുകളിലേക്കായി 704 ഉദ്യോഗസ്ഥരാണ് വേണ്ടത്.
ഇതിനു പുറമെ 40 ശതമാനം അധികം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ആദ്യപട്ടിക തയാറാക്കിയിരിക്കുന്നത് . രണ്ടാംഘട്ട പട്ടികയില്‍ റിസര്‍വ് ഉദ്യോഗസ്ഥരുടെ എണ്ണം 15 ശതമാനമായി കുറച്ച് ആകെ ഉദ്യോഗസ്ഥരുടെ എണ്ണം 812 ആയി നിജപ്പെടുത്തും. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ്, വി.വി പാറ്റ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത സ്ഥിരീകരിക്കുന്നതിനുള്ള മോക് പോളിങ്ങും വിജയകരമായി പൂര്‍ത്തീകരിച്ചു. യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഏറ്റുമാനൂര്‍ സത്രം കോമ്പൗണ്ടിലെ വെയര്‍ ഹൗസില്‍ ആയിരുന്നു പരിശോധന.
അതേസമയം സ്ഥാനാര്‍ഥികളുടെ പ്രചാരണ ചിലവുകളുടെ ആദ്യഘട്ട പരിശോധന ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്നു. ഉപതെരഞ്ഞെടുപ്പിന്‍റെ ചിലവ് നിരീക്ഷകന്‍ എന്‍. അശോക് ബാബുവിന്‍റ നേതൃത്വത്തിലായിരുന്നു പരിശോധന. ചിലവുകളുടെ രണ്ടാം ഘട്ട പരിശോധന 16ന് നടക്കും.