എറണാകുളം: ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം രചിച്ച് പോർമുഖത്തേക്ക് വനിതാ ഉദ്യോഗസ്ഥരും. യുദ്ധക്കപ്പലിൽ സേവനം ചെയ്യുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥരാവുകയാണ് സബ് ലെഫ്‌റ്റനന്‍റുമാരായ കുമുദിനി ത്യാഗിയും റിതി സിങും. ഐഎൻഎസ് ഗരുഡയിൽ നടന്ന ചടങ്ങിൽ റിയർ അഡ്‌മിറൽ ആന്‍റണി ജോർജ് ഉദ്യോഗസ്ഥർക്ക് 'വിങ്സ്' നൽകി. ഇന്ത്യൻ നേവിയുടെ ചരിത്രത്തിൽ ഇതൊരു സുപ്രധാന സംഭവമാണെന്ന് റിയർ അഡ്‌മിറൽ പറഞ്ഞു.
ദക്ഷിണ നാവികസേനാ ആസ്ഥാനമായ കൊച്ചി നേവൽ ബേസിൽ നിന്നാണ് കുമുദിനി ത്യാഗിയും റിതി സിങും ഒബ്‌സെർവർമാരായി പരിശീലനം പൂർത്തിയാക്കിയത്. യുദ്ധക്കപ്പലുകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഹെലികോപ്ടറുകളിലാണ് ഇവർക്ക് നിയമനം നൽകിയത്. ക്വാളിഫൈഡ് നാവിഗേറ്റർ ഇൻസ്‌ട്രക്‌ടര്‍ (QNI) ബിരുദം പൂർത്തിയാക്കിയ ആറു പേർക്ക് ഇൻസ്ട്രക്ടർ ബാഡ്ജ് അവാർഡും റിയർ അഡ്മിറൽ നൽകി. ഇതിൽ അഞ്ച് പേർ നാവികസേനയിലും ഒരാൾ കോസ്റ്റ് ഗാർഡിലുമുള്ളവരാണ്. നേവൽ ബേസിലെ അക്കാദമയിൽ നിന്ന് ഒബ്‌സെർവർ കോഴ്‌സ് പൂർത്തിയാക്കിയവരുടെ ബാച്ചിലാണ് കുമുദിനിയും റിതിയുമുള്ളത്. ഇതേ ബാച്ചിൽ മലയാളിയായ ക്രീഷ്മ ആർ, അഫ്നാൻ ശൈഖ് എന്നീ രണ്ട് വനിതാ ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നു. എന്നാൽ അവർക്ക് യുദ്ധക്കപ്പലില്ല നിയമനം നൽകിയത്. ഇതുവരെ ഫിക്‌സഡ് വിങ് എയർക്രാഫ്‌റ്റുകളിൽ മാത്രമാണ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നത്. ഈ തീരുമാനത്തിൽ മാറ്റമുണ്ടായതോടെയാണ് കുമുദിനിക്കും റിതിക്കും യുദ്ധകപ്പലിൽ നിന്നും പറന്നുയരുന്ന എയർ ക്രാഫ്‌റ്റില്‍ ജോലി ചെയ്യാൻ അവസരം ലഭിച്ചത്.