എറണാകുളം : വാട്ടർ മെട്രോയ്ക്കുള്ള ബോട്ട് ജെട്ടികളുടെ നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ജില്ല ഭരണകൂടം.
ഡിസംബർ 31 നകം ആവശ്യമായ ഭൂമി ഏറ്റെടുത്ത് കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് കലക്‌ടർ ജാഫർ മാലിക് അറിയിച്ചു. ജില്ലയിലെ പ്രധാന വികസന പ്രവർത്തനങ്ങളുടെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം.
ബോൾഗാട്ടി, കാക്കനാട്, ഏലൂർ ബോട്ട് ജെട്ടികൾക്കാവശ്യമായ സ്ഥലമെടുപ്പ് പൂർത്തിയായി. പതിനൊന്ന് ബോട്ട് ജെട്ടികളുടെ നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികളാണ് പൂർത്തിയാക്കുക.
ബാക്കിയുള്ള ഏഴ് എണ്ണത്തിൻ്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക വിജ്ഞാപനം നവംബർ 15നകം പ്രസിദ്ധീകരിക്കുമെന്നും ഡിസംബർ 31നകം മുഴുവൻ എറ്റെടുക്കലും പൂർത്തിയാക്കുമെന്നും കലക്‌ടർ വ്യക്തമാക്കി.
READ MORE: മിനിമം 20 രൂപ, പരമാവധി 40 ; വാട്ടര്‍ മെട്രോ യാത്രാനിരക്ക്
മെട്രോ സർവീസ് കാക്കനാട്ടേക്ക് ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികളും വേഗത്തിലാക്കും. ഡിസംബർ 31നുള്ളിൽ ഭൂമി ഏറ്റെടുത്ത് കൈമാറാനാണ് ലക്ഷ്യമിടുന്നത്.
പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള സർവേ കഴിഞ്ഞു. മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് ആകെ റോഡ് വീതി കൂട്ടുന്നതിനായി സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെ ആറ് ഏക്കർ 40 സെൻ്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്.
സ്റ്റേഷൻ നിർമാണത്തിനാവശ്യമായ ഭൂമിക്ക് പുറമെയാണിത്. സംയോജിത നഗര പുനരുജ്ജീവന ജലഗതാഗത സംവിധാന പദ്ധതിയും വേഗത്തിലാക്കുമെന്ന് കലക്ടർ അറിയിച്ചു.