എറണാകുളം: പാലാരിവട്ടം മേല്‍പാലം അഴിമതി കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ മെഡിക്കൽ ബോർഡ് പരിശോധിച്ചു. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ അഞ്ച് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെട്ട എട്ടംഗ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. രാവിലെ പതിനൊന്നരയോടെ തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൂർത്തിയായത്. ചികിത്സാ രേഖകള്‍ പരിശോധിച്ച സംഘം ഡോക്ടർമാരുമായും സംസാരിച്ചു.
യോഗം ചേർന്ന് റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുമെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ, വിജിലൻസ് കസ്റ്റഡി, ജുഡീഷ്യൽ കസ്റ്റഡി, ആശുപത്രിയിൽ തുടരണമോ തുടങ്ങിയ വിഷയങ്ങളിൽ മെഡിക്കൽ റിപ്പോർട്ട് നിർണായകമാണ്. തിങ്കളാഴ്ച മെഡിക്കൽ സംഘം ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ ഡിഎംഒയ്ക്ക് നിർദേശം നൽകിയത്.