എറണാകുളം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ച് എം.ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന് എൻഫോഴ്സ്മെന്‍റ്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള എം ശിവശങ്കറിനും ഒപ്പമുള്ളവര്‍ക്കും കളളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് സ്വപ്നമൊഴി നൽകിയതായും ഇ.ഡി റിപ്പോർട്ടിലുണ്ട്. എം ശിവശങ്കറിന്‍റെ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതി ഇടപാട്, കെ ഫോൺ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു. യുണിടാക്ക് സ്വപ്നയ്ക്ക് കമ്മിഷൻ നൽകിയതിനെ കുറിച്ചും യുഎഇ കോൺസുലേറ്റിലെ ഖാലിദിന് പണം നൽകിയതും ശിവശങ്കറിന്‍റെ അറിവോടെയാണ്. സ്വപ്നയെ ജയിലിൽ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളിൽ ശിവശങ്കറിൽ നിന്ന് വ്യക്തത വരുത്തേണ്ടതുണ്ട്. ആവശ്യമെങ്കിൽ എം.ശിവശങ്കറിനെതിരായ കൂടുതൽ തെളിവുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാമെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
ഇ.ഡി ആവശ്യപ്രകാരം ഒരു ദിവസം കൂടി ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. അതേസമയം യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്‍റ് ഖാലിദ് സ്വപ്നയ്ക്ക് നൽകിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കമ്മിഷനായിരുന്നുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും.