എറണാകുളം : പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്‍റെ തീരത്ത് യുവാവിന്‍റെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കേസിൽ മൂന്ന് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പിണ്ടിമന പഞ്ചായത്തിൽ ചേലാട്, നാടോടി കനാലിന് സമീപം താമസിക്കുന്ന പുത്തൻപുരക്കൽ എൽദോ ജോയി, ഇയാളുടെ പിതാവ് ജോയി, മാതാവ് മോളി എന്നിവരാണ് അറസ്റ്റിലായത്.
ചേലാട് നിരവത്ത് കണ്ടത്തിൽ എൽദോസ് പോളിനെ(42) തിങ്കളാഴ്‌ചയാണ് ചെങ്കര കനാൽ ബണ്ട് സൈഡിൽ മരിച്ച നിലയിൽ കണ്ടത്. സമീപത്ത് മറിഞ്ഞുകിടക്കുന്ന നിലയിൽ സ്കൂട്ടറും കണ്ടെത്തിയിരുന്നു. അപകടമരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
മരിച്ച എൽദോസ് പോളും പ്രതി എൽദോ ജോയിയും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തിയതുമൂലമാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ALSO READ : വിയ്യൂർ ജയിലിൽ നിന്ന് മൊബൈലും കഞ്ചാവും പിടികൂടി ; കണ്ടെടുത്തത് കെവിന്‍ വധക്കേസ് പ്രതിയുടെ ബ്ലോക്കില്‍ നിന്ന്
ചേലാട് സ്റ്റുഡിയോ നടത്തിവന്നിരുന്ന എൽദോസ് ഞായറാഴ്‌ച രാത്രി 10.30 ഓടെ ഫോൺ വന്നതിനെത്തുടർന്നാണ് സ്കൂട്ടറുമായി പുറത്തേക്ക് പോയത്. തുടർന്ന് പ്രതികൾ ഇയാളെ തലയ്ക്ക് പിന്നിൽ അടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാൽ ബണ്ട് തിട്ടയിൽ ഉപേക്ഷിക്കുകയായിരുന്നു.