എറണാകുളം: ഒന്നര ലക്ഷം പേരെ സംഘടിപ്പിച്ച് ചർച്ച് ആക്‌ട് ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജയരാജന്‍റെ നിർദേശ പ്രകാരമെന്ന് മാർ യൂഹാനോൻ റമ്പാൻ. 2018ൽ ചർച്ച് ബിൽ പ്രോപ്പർട്ടി ബിൽ നിയമം ആക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയെ സന്ദർശിക്കുകയും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അന്നത്തെ പ്രൈവറ്റ് സെക്രട്ടറിയെ കാണുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ നിർബന്ധപ്രകാരമാണ് ഒന്നര ലക്ഷം പേരെ അണിനിരത്തി സെക്രട്ടേറിയേറ്റ് മാർച്ച് സംഘടിപ്പിച്ചതെന്ന് യൂഹാനോൻ റമ്പാൻ പറഞ്ഞു.
എന്നാൽ മാർച്ച് സംഘടിപ്പിച്ചതിന് ശേഷം എം.വി ജയരാജൻ തങ്ങളെ വഞ്ചിച്ചതായും റമ്പാൻ വ്യക്തമാക്കി. ചർച്ച് ആക്‌ട് ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് 41 ദിവസമായി ബാർ യൂഹാനോൻ റമ്പാൻ മുവാറ്റുപുഴ താലൂക്ക് ഹോസ്പിറ്റലിൽ നടത്തിവരുന്ന നിരാഹാര സത്യാഗ്രഹം ഇന്ന് അവസാനിപ്പിച്ചു. അദ്ദേഹം അഡ്മിറ്റ് ആയിരിക്കുന്ന ഹോസ്‌പിറ്റലിൽ 12ആം വാർഡിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ 40ഓളം പേര്‍ ക്വാറന്‍റൈനിലാണ്. കൂടാതെ പകുതിയോളം സ്റ്റാഫ് ക്വാറന്‍റൈനില്‍ പ്രവേശിച്ചു. കൊവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡോക്ടർമാർ നിരാഹാരം നിർത്തി ഡിസ്ചാർജ് ആകണമെന്ന് നിർബന്ധിച്ചു. പ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാൽ ഒരു പക്ഷേ വൈറൽ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു. കൂടാതെ ആരോഗ്യം മോശമായതിനാലുമാണ് നിരാഹാരം അവസാനിപ്പിച്ചത് എന്ന് യൂഹാനോൻ റമ്പാൻ വ്യക്തമാക്കി.