എറണാകുളം: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് 19 പരിശോധനക്ക് ആര്‍.ടി.പി.സി.ആര്‍ ലബോറട്ടറികള്‍ സജ്ജമായി. പരിശോധന ഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന റിയല്‍ ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ പരിശോധന സംവിധാനമാണ് യാഥാർഥ്യമായത്.
കൊച്ചിയിൽ കൊവിഡ് ബാധ സംശയിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ പരിശോധന ഫലം വൈകുന്നത് ഏറെ പ്രതിസന്ധി സൃഷ്ട്ടിച്ചിരുന്നു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ജില്ലയില്‍ നിന്നുള്ള സാമ്പിളുകള്‍ പ്രധാനമായി പരിശോധിച്ചിരുന്നത്. ഇവിടെ നിന്നും ഫലം വരുന്നതിന് കാലതാമസം നേരിടുന്നതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ പുതിയ ലാബ് സംവിധാനം ഒരുങ്ങിയത്. ഇതോടെ ദിനംപ്രതി 180 സാംപിളുകൾ പരിശോധിക്കാൻ കഴിയും.
രണ്ട് പി.സി.ആര്‍ ഉപകരണങ്ങളാണ് മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയിട്ടുള്ളത്. ഒന്നേകാല്‍ കോടി രൂപയാണ് ലാബ് സജ്ജീകരണത്തിന് ഇതുവരെ ചെലവായിട്ടുള്ളത്. നിപ്പ കാലത്ത് പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടര്‍മാർക്കാണ് ലാബിന്‍റെ ചുമതല. ഐ.സി.എം.ആറിന്‍റെ അനുമതിയോടു കൂടി വിവിധ വൈറസ് രോഗങ്ങളുടെ പരിശോധനയും പുതിയ ലാബില്‍ നടത്താൻ സാധിക്കും
പി.ടി.തോമസ് എം.എൽ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 27.57 ലക്ഷം രൂപ ചെലവില്‍ ബയോ സേഫ്റ്റി ക്യാബിനറ്റുകളും ഹൈബി ഈഡന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ ചെലവില്‍ പരിശോധന കിറ്റുകളും ലാബിലേക്ക് അനുവദിച്ചിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ.ജെ ലാന്‍സിയുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധനകൾ നടക്കുക. പി.ഡബ്ലു.ഡി നേതൃത്വത്തിലാണ് പുതിയ ലാബിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. മൈക്രോ ബയോളജി ലാബ് സമുച്ചയത്തിൽ ഒഴിഞ്ഞു കിടന്നിരുന്ന രണ്ടു മുറികൾ ആധുനികവല്‍ക്കരിച്ച ശേഷമാണ് വൈറോളജി ലാബ് സജ്ജീകരിച്ചിരിക്കുന്നത്.