എറണാകുളം: ഉറങ്ങിക്കിടന്ന അമ്മയെ വെട്ടി കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസിൽ കീഴടങ്ങി. കോട്ടപ്പടിയിൽ ഇന്നലെ രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം. കോട്ടപ്പടി നാഗഞ്ചേരിക്കടുത്ത് കല്ലിങ്കപറമ്പിൽ വീട്ടിൽ കാർത്ത്യായനിയെ (65) യാണ് മകൻ അനീഷ് കുമാർ (34 )എന്നു വിളിക്കുന്ന ബൈജു വെട്ടിക്കൊന്നത്. വാക്കത്തിക്കൊണ്ട് വെട്ടുകയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
രാത്രിയിൽ കൊലനടത്തിയതിന് ശേഷം വാർഡിലെ മുൻ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലെത്തി വിവരങ്ങൾ പറഞ്ഞു. തുടര്‍ന്ന് ഇയാൾ കോട്ടപ്പടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ സഹോദരിക്ക് കിടപ്പാടം നൽകുമെന്ന് അമ്മ പറഞ്ഞതിലുണ്ടായ ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഉറങ്ങി കിടന്ന അമ്മയെ പ്രതി വാക്കത്തി കൊണ്ട് കഴുത്തിന് പല തവണ വെട്ടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.പെരുമ്പാവൂർ ഡിവൈഎസ്പി ബിജുമോൻ, കോടനാട് സിഐ സജി മർക്കോസ്, കോട്ടപ്പടി എസ്ഐ അബ്ദുൽ റഹിമാൻ, എഎസ്ഐ ഷാജൻ തുടങ്ങിയവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ ചോദ്യം ചെയ്തത്.