എറണാകുളം : കെ.റെയിൽ പദ്ധതിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വിശദീകരണ പരിപാടിയായ ജനസമക്ഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിൽവർ ലൈൻ പദ്ധതി കൊണ്ട് പരിസ്ഥിതിക്ക് ദോഷമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
'സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദം'
പരിസ്ഥിതി സൗഹൃദ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാർബൺ ബഹിർഗമനം ഗണ്യമായി കുറച്ചുകൊണ്ട് വരുന്നതിന് സഹായിക്കുന്നതാണ് പദ്ധതി. പ്രളയമുണ്ടാകുമെന്ന പ്രചാരണം ശരിയല്ല. വെള്ളം ഒഴുകി പോകുന്നതിന് തടസമുണ്ടാകില്ല.
പ്രളയമുൾപ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് പഠിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിയെ മറന്നുള്ള ഒരു വികസനവും സർക്കാർ നടപ്പിലാക്കില്ല. കേരളത്തെ രണ്ടായി മുറിക്കുമെന്ന പ്രചാരണം ശരിയല്ല. സിൽവർ ലൈനിൻ്റെ ആകെ ദൂരത്തിൻ്റെ 25 ശതമാനവും തൂണുകളിലൂടെയും തുരങ്കത്തിലൂടെയുമാണ് കടന്നുപോകുന്നത്. നിലവിലെ റെയിൽവേ ലൈന്‍ വികസിപ്പിച്ചാല്‍ സമാനമായ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പദ്ധതി സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടന്നു'
സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് നിയമസഭയിൽ ചർച്ച നടന്നിരുന്നു. ചോദ്യങ്ങൾക്കെല്ലാം മറുപടിയും നൽകിയിരുന്നു. നിയമസഭാംഗങ്ങളെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോയിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തെഞ്ഞെടുപ്പിന് ശേഷമുള്ള പ്രത്യേക സാഹചര്യമായിരിക്കാം ഇപ്പോഴത്തെ എതിർപ്പിന് കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
'നാടിന്‍റെ ഭാവിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം'
നാടിൻ്റെ ഭാവിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ആരെങ്കിലും ചിലർ എതിർപ്പ് രേഖപ്പെടുത്തുന്നു എന്നതുകൊണ്ട് പദ്ധതി ഉപേക്ഷിക്കുന്നത് ശരിയല്ല. നാടിനെ പുരോഗതിയിലേക്ക് നയിക്കലാണ് സർക്കാരിൻ്റെ കടമ. എതിർപ്പുകൾക്ക് മുന്നിൽ വഴങ്ങിക്കൊടുക്കലല്ല സർക്കാരിൻ്റെ ധർമം.
'ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല'
ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല സർക്കാരിൻ്റെ നിലപാട്. അതേസമയം പദ്ധതി നടക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കില്ല. ജനങ്ങളോട് ഒപ്പം നിൽക്കുമെന്നും. കഴിയാവുന്നത്ര സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എതിർപ്പുകൾ കാരണം മുടങ്ങി കിടന്ന ഗെയിൽ ഉൾപ്പടെയുള്ള പദ്ധതികൾ യാഥാര്‍ഥ്യമാക്കിയതും മുഖ്യമന്ത്രി ചടങ്ങിൽ വിശദീകരിച്ചു. മത, സാമൂഹ്യ, സാംസ്കാരിക, ബിസിനസ് രംഗത്തുള്ള ക്ഷണിക്കപ്പെട്ടവരാണ് ചടങ്ങിൽ പങ്കെടുത്തത്.
അവര്‍ പദ്ധതിയെ പൊതുവെ സ്വാഗതം ചെയ്തു. അതേസമയം നിരവധി സംശങ്ങളും ആശങ്കകളും അതിഥികള്‍ ഉന്നയിച്ചു. കെ.റെയിൽ എം.ഡി. വി.അജിത് കുമാർ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്‍റെ അദ്ധ്യക്ഷതയിലായിരുന്നു ജനസമക്ഷം പരിപാടി.