കൊച്ചി: പരിശ്രമിച്ചാൽ ഏതു ലക്ഷ്യവും നേടിയെടുക്കാനാകുമെന്ന് പറയാറുണ്ട്. ഈ വാക്കുകൾ എത്രമാത്രം അർത്ഥപൂർണമാണെന്ന് ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് കെ.എസ്.ആർ.ടി.സി.യുടെ ഏക വനിതാ ഡ്രൈവറായ വി.പി. ഷീല. ഡ്രൈവിങ്ങിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഷീലയെ ഈ ജോലിയിൽ എത്തിച്ചത്. ഡ്രൈവിങ് പഠനത്തിനായി പോയ അതേ സ്ഥാപനത്തിൽ ഡ്രൈവിങ് പരിശീലകയായത് മുതൽ തുടങ്ങുന്നു ഈ സ്ത്രീയുടെ വിജയഗാഥ.
വലിയ പ്രതിസന്ധികളെ മറികടന്ന് അഞ്ച് തവണ പരീക്ഷയെഴുതിയതിന് ശേഷമാണ് കെഎസ്ആര്‍ടിസി ബസിന്‍റെ വളയം പിടിക്കണമെന്ന ഷീലയുടെ സ്വപ്‌നം യാഥാര്‍ഥ്യമായത്. ഈ മേഖലയിലേക്ക് കടന്നുവരാൻ കാരണം കുടുംബത്തിന്‍റെ അകമഴിഞ്ഞ പിന്തുണയാണെന്ന് ഷീല പറഞ്ഞു. സഹോദരന്‍മാരാണ് ഷീലയെ ആദ്യം ഡ്രൈവിങ് പഠിപ്പിക്കുന്നത്. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചെങ്കിലും ഡ്രൈവിങ് എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ കുടുംബത്തിന്‍റെ പിന്തുണ ഏറെ വലുതായിരുന്നു. ജീവിതത്തിൽ എത്ര തോൽവികൾ ഏറ്റു വാങ്ങിയാലും അതിനെ മറി കടക്കാൻ വീണ്ടും പരിശ്രമിക്കണം എന്നാണ് ഷീലയുടെ പക്ഷം. തോൽക്കുകയാണെങ്കിൽ വീണ്ടും വീണ്ടും പരിശ്രമിക്കുക. ഇതുതന്നെയാണ് വിജയത്തിലേക്കുള്ള വഴിയെന്ന് പെരുമ്പാവൂർ സ്വദേശിനിയായ ഷീല പറയുന്നു.
ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യമില്ലാത്ത ആരും ഉണ്ടാകില്ലെന്ന് ഷീല ഉറച്ചു വിശ്വസിക്കുന്നു. ഇനി അങ്ങനെയൊരു കൂട്ടർ ഉണ്ടെങ്കിൽ അവരോട് എന്ത് പറയാനാണെന്നും അവര്‍ ചോദിക്കുന്നു. സമൂഹത്തെ പേടിക്കാതെ മുന്നോട്ടുപോകണം. മാതാപിതാക്കളുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയും വേണം. ഇന്നത്തെ ജീവിത സാഹചര്യങ്ങളോട് തോൽക്കുന്ന ആളുകൾക്ക് ഷീലയുടെ മറുപടി ഇതാണ്.
പുലര്‍ച്ചെ മൂന്നു മണിക്കാണ് ഷീലയുടെ ഒരു ദിവസം ആരംഭിക്കുന്നത്. സ്വന്തമായി ബൈക്ക് ഓടിച്ച് ആദ്യ സർവീസ് ആരംഭിക്കുന്നതിനായി എത്തുമ്പോഴും ഏറെ വൈകിയ വേളയിൽ വീട്ടിൽ തിരിച്ചെത്തുമ്പോഴും സ്വപ്നം കണ്ട ജോലി ചെയ്യുന്നതിൽ സന്തോഷം മാത്രമാണുള്ളതെന്ന് ഷീല പറഞ്ഞു. കെഎസ്ആർടിസിയുടെ ഏക വനിതാ ഡ്രൈവർ എന്ന പദവി സ്വന്തമാക്കിയ ഷീലയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടെ ജോലി ചെയ്യുന്നവർക്കും വളരെ നല്ല അഭിപ്രായമാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ഉറച്ച ലക്ഷ്യത്തോടെ നേരിട്ടാൽ വിജയം സുനിശ്ചിതമെന്ന് തെളിയിക്കുന്നതാണ് ഷീലയുടെ ജീവിതം. പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്ക് എന്നും ഒരു ഊർജ്ജമാണ് ഈ സൂപ്പർ ലേഡിയുടെ നിറഞ്ഞ പുഞ്ചിരി.