എറണാകുളം: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിനെതിരെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇന്നലെ പ്രതികളുടെ ഫോട്ടോ പുറത്ത് വന്നതോടെയാണ് പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയത്. മോഡലിങ് രംഗത്തുള്ള പുതുമുഖങ്ങളായ മൂന്ന് പേരാണ് ഇന്ന് പരാതിയുമായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഓഫിസിലെത്തിയത്. ഇവരുടെ മൊഴി രേഖപെടുത്തിയ ശേഷം കൂടുതൽ കേസുകളെടുക്കുമെന്നും സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ വ്യക്തമാക്കി. അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല കൊച്ചി ഡി.സി.പി പൂങ്കുഴുലിക്ക് നൽകിയിട്ടുണ്ട്.
അതേസമയം പരാതിക്കാരിയായ ആലപ്പുഴ സ്വദേശിനി താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് വിശദമായി മൊഴി നൽകിയിട്ടുണ്ട്. പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍ തന്നെ എട്ട് ദിവസം തടവില്‍ പാര്‍പ്പിച്ചെന്നും സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചെന്നും പെണ്‍കുട്ടി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മാര്‍ച്ച് മാസത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതും പരാതി കൊടുത്തതും എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ല. പെൺകുട്ടി നേരത്തെ നൽകിയ പരാതിയുടെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചോയെന്നും അന്വേഷിക്കും. മോഡലിങ്ങിന് അവസരം നല്‍കാമെന്ന സുഹൃത്തിന്‍റെ വാക്ക് വിശ്വസിച്ചാണ് പെണ്‍കുട്ടി ഇവരുടെ അടുത്തേക്ക് പോയത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ സ്വർണക്കടത്തിന് ആഡംബര വാഹനങ്ങളില്‍ എസ്‌കോർട്ട് പോകണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചപ്പോള്‍ തടവിലാക്കി. എട്ട് ദിവസം ഭക്ഷണം നല്‍കിയില്ല. വസ്ത്രം മാറാനും അനുവദിച്ചില്ല. സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാൽ സൂര്യോദയം കാണില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.