എറണാകുളം: പല്ലാരിമംഗലം കുടമുണ്ട, മടിയൂർ പ്രദേശങ്ങളിൽ മോഷണ പരമ്പര. പ്രദേശത്തെ ആറ് വീടുകളിൽ മോഷണം ശ്രമവും ഒരു വീട്ടിൽ മോഷണവും നടന്നു. കുടമുണ്ട സർവ്വീസ് സ്റ്റേഷന് എതിർ വശത്തെ താമസക്കാരനായ ഗോപിയുടെ വീട്ടിൽ നിന്നാണ് മോഷ്‌ടാക്കൾ മാല മോഷ്‌ടിച്ചത്.
വീടിന്‍റെ പുറകു വശത്തെ വാതിലിന്‍റെ കൊളുത്ത് തകർത്ത് അകത്ത് കടന്ന മോഷ്‌ടാക്കൾ അലമാരയിൽ നിന്ന് മാല എടുക്കുകയായിരുന്നു. മറ്റ് വീടുകളിൽ മോഷ്ടാക്കൾ എത്തിയെങ്കിലും വീട്ടുകാർ ഉണർന്ന് ലൈറ്റ് ഓൺ ചെയ്തോടെ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആക്രി സാധനങ്ങൾ എടുക്കാൻ ഇതര സംസ്ഥാനക്കാർ ഈ ഭാഗത്ത് കൂട്ടമായി എത്തിയിരുന്നു.
ഇവരാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം. രാത്രി ശബ്ദം കേട്ട് ഉണർന്ന് ലൈറ്റിട്ടെങ്കിലും നേരം വെളുത്താണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്ന് വീട്ടമ്മ രാജമ്മ പറഞ്ഞു. സമീപത്തെ കടയിൽ സിസിടിവിയിൽ മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോത്താനിക്കാട് പൊലീസ് ഊർജിതമാക്കി. മുവാറ്റുപുഴ ഡിവൈഎസ്‌പി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ പൊലീസും, ഫിംഗർപ്രിന്‍റ് എക്‌സ്‌പേർട്ട് ശ്രീജ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘവും, മാർലി എന്ന നായ ഉൾപ്പെട്ട ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.