എറണാകുളം: പുരാവസ്‌തു വിൽപനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തി പിടിയിലായ വ്യവസായി മോൺസൺ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം. മോൺസൺ മാവുങ്കലിനെതിരായ കേസ് അന്വേഷണം അട്ടിമറിച്ചത് ഐ.ജി ലക്ഷ്മണയെന്നും ആരോപണം.
നേരത്തെ ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണം ചേർത്തല സി.ഐക്ക് മാറ്റി നൽകി. മാവുങ്കലിന് എസ്.പിക്കെതിരെ പരാതിയുണ്ടന്ന് കാണിച്ച് അന്വേഷണം സി.ഐക്ക് കൈമാറുകയായിരുന്നു. ഇതേ തുടർന്ന് പരാതിക്കാർ മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹറയുമായും പ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. മോൻസണിന്‍റെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ ബെഹ്റയും പങ്കെടുത്തിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമെന്ന് ആരോപണം
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധമുപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന ഗൗരവകരമായ സംശയമാണ് ഈ സാഹചര്യത്തിൽ ഉയരുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായും പ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന് പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു. പ്രവാസി മലയാളം ഫെഡറേഷൻ ചെയര്‍മാനും യൂട്യൂബറുമായ മോൻസൺ മാവുങ്കലിനെ ഞായറാഴ്‌ചയാണ് എറണാകുളം ക്രൈംബ്രാഞ്ച് പിടികൂടിയത്.
കോടികളുടെ സാമ്പത്തിക തട്ടിപ്പ്
അമൂല്യമായ പുരാവസ്‌തുക്കൾ കൈവശമുണ്ടന്നും പണം നൽകിയാൽ കൈമാറാമെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികളാണ് പലരിൽ നിന്നായി മോൺസൺ തട്ടിയെടുത്തത്. അന്വേഷണത്തിൽ മോൺസൺ വിൽപനയ്ക്ക് വെച്ച പുരാവസ്‌തുക്കൾ പലതും ചേർത്തലയിലെ ഒരു ആശാരി നിർമിച്ചതാണെന്ന് വ്യക്തമായിരുന്നു. ഇതോടെ തെളിവുകൾ ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം മോൻസനെ ചേര്‍ത്തലയിലെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ടിപ്പു സുൽത്താന്‍റെ സിംഹാസനം, മോശയുടെ അംശവടി, ക്രിസ്‌തുവിനെ ഒറ്റുകൊടുത്ത വെളളിക്കാശ്, ക്രിസ്‌തുവിന്‍റെ തിരുവസ്ത്രത്തിന്‍റെ ഭാഗം, രവിവര്‍മ്മയുടെയും ഡാവിഞ്ചിയുടെയും ചിത്രങ്ങള്‍ എന്നിങ്ങനെ അമൂല്യ പുരാവസ്‌തുക്കള്‍ ഉണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം. രാഷ്ട്രീയ, സിനിമാ മേഖലകളിലടക്കം നിരവധി ഉന്നതരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.