എറണാകുളം : കിഴക്കമ്പലത്തെ സി.കെ ദീപുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ട്വന്‍റി 20 പാർട്ടി ചീഫ് കോർഡിനേറ്ററും വ്യവസായിയുമായ സാബു എം ജേക്കബ്. കേസില്‍ പൊലീസ് നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് കരുതാനാകില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞു.
ട്വന്‍റി 20 പ്രവര്‍ത്തകനായ ദീപുവിന്‍റെ മരണത്തിൽ സംസ്ഥാന സർക്കാരിനോ ഭരണകക്ഷിക്കോ പങ്കില്ലെങ്കിൽ അന്വേഷണം സിബിഐക്ക് വിടണം. അങ്ങനെയെങ്കില്‍ കൂടുതല്‍ പേര്‍ തെളിവുമായി മുന്നോട്ട് വരുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
'പൊലീസ് തങ്ങൾക്കെതിരെ കേസെടുക്കുമെന്ന് ആളുകൾ ഭയപ്പെടുന്നു. പൊലീസ് എനിക്കെതിരെ കേസെടുത്തു. മുന്നോട്ട് വരാന്‍ ശ്രമിക്കുന്നവരെ ഭയപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നത്,' സാബു എം ജേക്കബ് പറഞ്ഞു.
ശനിയാഴ്‌ച ദീപുവിന്‍റെ സംസ്‌കാര ചടങ്ങിനിടെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സാബു എം ജേക്കബ് ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ദീപുവിന്‍റെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കം മറ്റ് ചില രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ല.
ദീപുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശ്രീനിജന്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് വ്യക്തമായിട്ടുണ്ട്. യുവാവ് മരിച്ചത് ലിവര്‍ സിറോസിസ് മൂലമാണെന്ന് പ്രചരിപ്പിച്ച് മൃതദേഹത്തെ പോലും ഭരണപക്ഷ എംഎല്‍എ അപമാനിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു.
കിഴക്കമ്പലത്തെ വിളക്കണക്കൽ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ദീപു വെള്ളിയാഴ്‌ചയാണ് മരിച്ചത്. വിളക്കണക്കൽ സമരത്തിന്‍റെ സംഘാടകൻ കൂടിയായിരുന്നു ദീപു. നേരത്തെ ദീപുവിനെ ആക്രമിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.