എറണാകുളം : നഗരത്തിന്‍റെ ഹൃദയ ഭാഗത്ത് പാട്ടത്തിന് നൽകിയ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു. അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കിയിരുന്ന ജില്ല കോടതി അങ്കണത്തിലെ സ്ഥലമാണ് വീണ്ടെടുത്തത്. പാട്ട വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.
1976ലാണ് എറണാകുളം അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിക്ക് എറണാകുളം വില്ലേജില്‍ ഉള്‍പ്പെട്ട അഞ്ച് സെന്‍റ് സ്ഥലം നല്‍കിയത്. പാട്ടത്തുക ഒടുക്കാതിരുന്നതിനെ തുടര്‍ന്നാണ് കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, ഭൂരേഖ തഹസില്‍ദാര്‍ മുസ്തഫ കമാല്‍, വില്ലേജ് ഓഫിസര്‍ എല്‍. സിന്ധു എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം പിടിച്ചെടുത്ത് ബോർഡ് സ്ഥാപിച്ചത്.
ALSO READ: നാര്‍ക്കോട്ടിക് ജിഹാദ് പരാമർശം : പാലാ ബിഷപ്പിന്‍റെ പ്രസ്‌താവനയിൽ നടപടിയെടുക്കണമെന്ന് മഞ്ചേരി എംഎൽഎ
പാട്ടവ്യവസ്ഥ ലംഘിച്ചതിനാലും സമീപത്തുളള അഞ്ച് സെന്‍റ് സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറിയതിനാലും കേരള ഭൂസംരക്ഷണ നിയമ പ്രകാരം നോട്ടിസ് നല്‍കിയാണ് ഭൂമി എറ്റെടുത്തതത്. പാട്ടത്തിന് നല്‍കിയ ഭൂമി പതിച്ചുകിട്ടുന്നതിനുള്ള സ്ഥാപനത്തിന്‍റെ അപേക്ഷ നേരത്തേതന്നെ സര്‍ക്കാര്‍ നിരസിച്ചിരുന്നു.
നഗരത്തിലെ പാട്ടവ്യവസ്ഥ ലംഘിച്ച എല്ലാ ഭൂമികളുടെയും കുടിശ്ശിക കൈവശക്കാരില്‍ നിന്ന് ഈടാക്കാനും, മറിച്ചാണെങ്കില്‍ ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കാനും നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.