കൊച്ചി: കലാലയ രാഷ്ട്രീയപ്രവർത്തനത്തിന് വിലക്കേർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യാനുളള അവകാശം ഭരണഘടന തന്നെ നൽകിയിട്ടുള്ളതാണ്. നമ്മുടെ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അക്രമരാഷ്ട്രീയം ഒഴിവാക്കണമെന്ന് പറഞ്ഞാൽ മനസിലാക്കാം. ചില സന്ദർഭങ്ങളിൽ സമരം ചെയ്യേണ്ടിവരും, പഠിപ്പ് മുടക്കേണ്ടിവരും ഇതെല്ലാം വിദ്യാര്‍ഥി രാഷ്ട്രീയപ്രവർത്തനത്തിന്‍റെ ഭാഗമായുള്ള കാര്യമാണ്. അതിനെ നിരോധിക്കാൻ എങ്ങനെ കഴിയുമെന്ന് തനിക്കറിയില്ല. വിധി പൂർണമായും പഠിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോളജുകളിൽ നടക്കുന്ന ആക്രമണപ്രവർത്തനങ്ങളും വിധ്വംസക പ്രവർത്തനങ്ങളും തടയേണ്ടത് ആവശ്യമാണ്. പക്ഷേ ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങൾ കുട്ടികൾക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുന്നത് ശരിയല്ല. അനാവശ്യമായ പഠിപ്പുമുടക്കുകളെ നിയന്ത്രിക്കുന്നതിൽ തെറ്റില്ല. കോളജുകളിലോ സ്‌കൂളുകളിലോ ഒരു തരത്തിലുള്ള പ്രതിഷേധവും പാടില്ലെന്ന സമീപനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.