എറണാകുളം: ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് രണ്ടരവർഷമായി നിർമ്മാണം മുടങ്ങിക്കിടക്കുന്ന പുതുവൈപ്പിനിലെ എ.എൽ.പി.ജി ടെർമിനൽ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് വീണ്ടും പുനരാരംഭിക്കാനിരിക്കെ പുതുവൈപ്പിനില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭ സാധ്യത കണക്കിലെടുത്താണ് നടപടി. രാത്രി രണ്ട് മണിയോടെയാണ് കലക്‌ടകര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മേഖലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. നാല്‍പ്പത്തിയഞ്ച് ശതമാനം ജോലികളാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. പിന്നാലെയാണ് പ്രദേശവാസികള്‍ സമരം ആരംഭിച്ചത്.
ഒരാഴ്ചയോളം നീണ്ടു നിന്ന മുന്നൊരുക്കങ്ങൾക്കൊടുവിലാണ് ടെർമിനൽ നിർമ്മാണ പ്രവർത്തനം വീണ്ടും പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. റോഡ് മാർഗം പാചകവാതകം എത്തിക്കുന്നതിനുള്ള അപകടസാധ്യതകൾ കണക്കിലെടുത്താണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ പദ്ധതി കൊണ്ടുവരുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സംസ്ഥാന സർക്കാരും ശ്രമിച്ചെങ്കിലും ഒത്തുതീർപ്പിൽ എത്താൻ സാധിച്ചിരുന്നില്ല. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതി മൂലം വലിയ രീതിയിലുള്ള നഷ്ടമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ഉണ്ടായതെന്നാണ് വാദം. ഈ സാഹചര്യത്തിലാണ് പൊലീസ് സുരക്ഷയിൽ നിർമ്മാണപ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിക്കാൻ തീരുമാനിച്ചത്.