കൊച്ചി: കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് വൈദികർ നടത്തിവന്ന ഉപവാസ സമരം അവസാനിച്ചു. സ്ഥിരം സിനഡ് പ്രതിനിധികൾ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബിഷപ് ഹൗസില്‍ മൂന്ന് ദിവസമായി നടത്തിയിരുന്ന സമരം അവസാനിപ്പിക്കാന്‍ വൈദികര്‍ തയ്യാറായത്. ആവശ്യങ്ങൾ സഭയുടെ സമ്പൂർണ സിനഡ് ചർച്ച ചെയ്യുമെന്ന ഉറപ്പ് ലഭിച്ചതായി വൈദികർ അറിയിച്ചു. സിനഡ് പിതാക്കൻമാരുടെ ഇടപെടൽ കാരണമാണ് ഉപവാസ സമരം അവസാനിപ്പിച്ചതെന്ന് ഫാദർ ജോസഫ് വൈലി കോടത്ത് പറഞ്ഞു.
ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വൈദികർക്ക് ഉറപ്പ് എഴുതി നൽകി. സഹായ മെത്രാന്മാരുടെ സസ്പെന്‍ഷനെതിരായ വൈദികരുടെ വികാരം ചർച്ച ചെയ്യും. വ്യാജരേഖാ കേസില്‍ പ്രകോപനപരമായ നടപടികൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവരോട് അഭ്യർഥിക്കും. അതിരൂപതക്ക് സ്വതന്ത്ര ചുമതലയുള്ള മെത്രാനെ നിയമിക്കാൻ സിനഡിനോട് ശുപാർശ ചെയ്യും. അടുത്തമാസം ചേരുന്ന സമ്പൂര്‍ണ സിനഡ് വൈദികരുടെ മറ്റ് പരാതികളും ചര്‍ച്ച ചെയ്യും. സഹായമെത്രാന്മാരുടെ സസ്പെൻഷൻ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുമെന്ന് സ്ഥിരം സിനഡ് അംഗങ്ങൾ ഉറപ്പ് നൽകിയതായി വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
പ്രതിഷേധം അവസാനിപ്പിക്കാൻ വൈദികരുമായി സ്ഥിരം സിനഡ് അംഗമായ മാർ ആൻഡ്രൂസ് താഴത്ത് ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് ഇന്ന് വീണ്ടും മധ്യസ്ഥ ശ്രമം നടത്തിയതോടെയാണ് സമരത്തിൽ നിന്ന് വൈദികർ പിന്മാറിയത്. എന്നാല്‍ ജോർജ് ആലഞ്ചേരിയെ സ്ഥിരം സഭാ സിനഡിന്‍റെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കണമെന്ന വൈദികരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. കാനോൻ നിയമപ്രകാരം ഈ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പരിമിതി സ്ഥിരം സിനഡ് അംഗങ്ങൾ അറിയിച്ചതായും വൈദികർ പറഞ്ഞു. ഉന്നയിച്ച കാര്യങ്ങളിലെ പ്രധാനപ്പെട്ട നാല് ആവശ്യങ്ങൾക്ക് പരിഹാരം കാണാമെന്ന് സ്ഥിരം സിനഡ് അംഗങ്ങൾ ഉറപ്പ് നൽകിയതായി സിറോ മലബാർ സഭാ മീഡിയ കമ്മീഷന്‍ അറിയിച്ചു.