എറണാകുളം: മുന്‍ മിസ് കേരളയടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലുടമയെ പൊലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ചു. കേസിൽ നിരവധി ദുരൂഹതകൾ നിലനിൽക്കെ രാവിലെ പത്ത് മണിയോടെയാണ് ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ ഉടമ റോയി ജെ വയലാട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായത്.
ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ചുമണിയോടെ ചോദ്യം ചെയ്യൽ പൂർത്തിയായെന്ന് പൊലീസ് അറിയിച്ചെങ്കിലും രാത്രി ഒമ്പത് മണിയോടെയാണ് വിട്ടയച്ചത്. ബുധനാഴ്‌ച വീണ്ടും ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കേസിൽ കുറ്റപത്രം ഉടന്‍ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് അപകടത്തിൽ മരിച്ച അൻസി കബീറിന്‍റെ പിതാവ് കബീറും ബന്ധുക്കളും എറണാകുളം എസിപി ഓഫിസിലെത്തി പരാതി നൽകി. അതേസമയം, മോഡലുകളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.
ദൃശ്യങ്ങള്‍ മാറ്റിയത് ഉടമയുടെ നിര്‍ദേശപ്രകാരം
കഴിഞ്ഞ നവംബർ ഒന്നിന് സ്വകാര്യ ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് മോഡലുകൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ ഹോട്ടലിൽ വെച്ച് മദ്യം വിളമ്പിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇത് സ്ഥിരീകരിക്കുന്നതിന് ഹോട്ടിലിലെ സിസിടിവി പൊലീസ് പരിശോധിച്ചിരുന്നെങ്കിലും ഇത് തെളിയിക്കുന്നതിന് ആവശ്യമായ ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. അപകടത്തിന് ശേഷം ഈ ദൃശ്യങ്ങൾ ഹോട്ടൽ അധികൃതർ മാറ്റിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഉടമ പറഞ്ഞത് അനുസരിച്ച് ദൃശ്യങ്ങൾ മാറ്റിയതായാണ് ജീവനക്കാരൻ പൊലീസിനെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഹോട്ടൽ ഉടമയെ പൊലീസ് ചോദ്യം ചെയ്‌തത്.
പൊലീസിനെതിരെയും വിമര്‍ശനം
അപകടം സംഭവിച്ച കാറിനെ അതേ വേഗതയിൽ പിന്തുടർന്ന ഓഡികാർ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്‌തിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട നിശപാർട്ടിയിൽ പങ്കെടുത്ത ഉന്നതരുടെ പേര് വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
നവംബർ ഒന്നിന് പുലർച്ചെയായിരുന്നു ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നില്‍ ദാരുണമായ അപകടമുണ്ടായത്. ഫോർട്ട് കൊച്ചിയിൽനിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയായിരുന്നു മോഡലുകൾ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതേ കാറിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
Read more: മിസ് കേരളയടക്കം മൂന്ന് പേരുടെ വാഹനാപകടം; ഓഡി കാർ പിന്തുടർന്നുവെന്ന് നിർണായക മൊഴി