എറണാകുളം: പറവൂരിൽ വാടക കൊടുക്കാത്തതിന്‍റെ പേരില്‍ താമസസ്ഥലത്ത് നിന്ന് ഇറങ്ങേണ്ടിവന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസമായി നഗരസഭ. മുപ്പതോളം വരുന്ന തൊഴിലാളികളെയാണ് കെട്ടിട ഉടമ ഇറക്കിവിട്ടത്. കോവിഡ് വ്യാപനത്തെ തുടർന്ന് തൊളിലാളികൾക്ക് പണി ഇല്ലാതാവുകയും വാടക, കുടിവെള്ളച്ചാർജ് എന്നിവ വാടക മുടക്കം വരുത്തിയതാണ് പ്രശ്നങ്ങൾക്ക് ഇടയായത്. ദിനംപ്രതി 100 രൂപ വാടകയും 10 രൂപ വെള്ളത്തിനുള്ള തുകയുമാണ് കെട്ടിട ഉടമയ്‌ക്ക് നല്‍കേണ്ടിയിരുന്നത്.
തൊഴിലാളികളെ കൂട്ടത്തോടെ പുറത്ത് കണ്ടതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിനെയും നഗരസഭ അധികൃതരേയും വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തി കെട്ടിട ഉടമയോട് തൊഴിലാളികളെ ഒഴിപ്പിക്കരുതെന്ന് നിർദ്ദേശം നൽകി. തുടര്‍ന്ന് അവരെ കെട്ടിടത്തിൽ പ്രവേശിപ്പിച്ചു. ലോക്‌ഡൗൺ തീരുന്നതുവരെ അവർക്കാവശ്യമായ ഭക്ഷണങ്ങൾ നഗരസഭ എത്തിച്ചു നൽക്കും.