എറണാകുളം: പെരുമ്പാവൂർ മുനിസിപ്പാലിറ്റി പാറപ്പുറം 25ആം വാർഡ് സ്ഥാനാർഥിയായ പി.സി ബാബു തിരക്കിലാണ്. വിറക് ലോഡ് തൊഴിലാളിയാണ് ഈ സ്ഥാനാർഥി. സാമ്പത്തിക പരാതി മൂലം പ്രീ ഡിഗ്രി കഴിഞ്ഞ് പഠനം തുടരാനാവാതെ ഇരുപത്തഞ്ചാം വയസിൽ ലോഡിങ് തൊഴിൽ തുടങ്ങി. വിദ്യാർഥിയായിരുന്ന കാലത്ത് എസ്‌എഫ്‌ഐയിൽ തുടങ്ങി പിന്നെ ഡിവൈഎഫ്‌ഐയിലൂടെ സിപിഎം പെരുമ്പാവൂർ ഏരിയാ കമ്മിറ്റി അംഗമായി.
തൊണ്ണൂറുകളിലെ സാക്ഷരതാ പ്രവർത്തനങ്ങളിൽ മേഖലയിലെ ജോയിൻ കൺവീനർ ആയിരുന്നു പി.സി ബാബു. കഴിഞ്ഞ ആദ്യ പ്രളയത്തിൽ സ്വന്തം വീട്ടിൽ വെള്ളം കയറിയെങ്കിലും പെരുമ്പാവൂർ ഗേൾസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിന്‍റെ പ്രവര്‍ത്തനം മുന്നിൽ നിന്ന് നയിച്ചു. കൊവിഡ് രോഗികൾക്കായി 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഭക്ഷണശാലകൾക്ക് നേതൃത്വം നൽകി. പാർട്ടി പ്രവർത്തനം ജീവൻ പോലെ തന്നെയാണ് പി.സി ബാബുവിന്. "ഞാൻ എപ്പോഴും ചെളിയിലാണ് ജോലി ചെയ്യുന്നത്. എന്‍റെ വിയർപ്പിന് പോലും ചുവപ്പ് നിറമാണ്. പാർട്ടി പറഞ്ഞാൽ ഞാൻ അനുസരിക്കും" - തെരഞ്ഞെടുപ്പിലേക്കെത്തിയത് എങ്ങനെയാണെന്ന ചോദ്യത്തിന് ഇതാണ് ബാബുവിന്‍റെ മറുപടി.
നാമനിർദേശ പത്രിക നൽകിയതിന് ശേഷം ബാബുവിന്‍റെ തിരക്ക് കൂടി. തന്‍റെ ജോലി ചെയ്യുന്നതിനിടെയാണ് ബാബു വോട്ടർമാരെ കാണുന്നതും, വോട്ട് ചോദിക്കുന്നതും. സാധാരണക്കാരന്‍റെ മനസ് അറിയാവുന്ന തനിക്ക് നൂറ് ശതമാനവും വിജയം ഉറപ്പാണെന്ന് ബാബു പറഞ്ഞു. യുഡിഎഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണിത്. കഴിഞ്ഞ തവണ പൗരമുന്നണി സ്ഥാനാര്‍ഥിക്കും പിന്നാല്‍ മൂന്നാമതെത്താനെ ഇടതുപക്ഷ സ്ഥാനാര്‍ഥിക്കായുള്ളു. സിന്ധു ജയകൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. പി.സി ബാബുവിലൂടെ വാര്‍ഡ് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാമ്പ്.