എറണാകുളം: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ ഹൈക്കോടതി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനോട് വിശദീകരണം തേടി . പാലാരിവട്ടം പാലം നിര്‍മിക്കുന്നതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേസ് വിജിലൻസിന്‍റെ മാത്രം പരിധിയിൽ വരുന്നതല്ലെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിനാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടത്.കേസില്‍ നേരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ കക്ഷി ചേര്‍ത്തിരുന്നു. അടുത്ത മാസം അഞ്ചാം തീയതി ഹര്‍ജി വീണ്ടും പരിഗണിക്കും.
പാലാരിവട്ടം മേല്പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണം മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് വെളുപ്പിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഇതിന് സാധൂകരണം നൽകുന്ന തരത്തിൽ വി.കെ.ഇബ്രാഹിം കുഞ്ഞിന്‍റെ കൂടി ചുമതലയിലുള്ള പത്രത്തിന്‍റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ വന്നിരുന്നുവെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് കള്ളപ്പണമാണോയെന്നതില്‍ പരിശോധന ആവശ്യമാണെന്നും വിജിലൻസ് കോടതിയോട് പറഞ്ഞു.