എറണാകുളം: കഴിഞ്ഞ 32 വര്‍ഷമായി തരിശായി കിടന്ന മൂവാറ്റുപുഴ നഗര ഹൃദയത്തിലെ തൃക്കപാടശേഖരം കതിരണിയാന്‍ ഒരുങ്ങുന്നു. തൃക്കപാടശേഖര സമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നഗരസഭ, മൂവാറ്റുപുഴ അഗ്രോ സര്‍വീസ് സെന്‍റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് മൂന്ന് പതിറ്റാണ്ടായി തരിശായി കിടന്ന തൃക്ക പാടശേഖരത്തില്‍ വിത്തെറിയാൻ ഒരുങ്ങുന്നത്.
നഗരഹൃദയത്തില്‍ മൂവാറ്റുപുഴ നഗരസഭയിലെ രണ്ടാം വര്‍ഡില്‍ വിശാലമായ തൃക്ക പാടശേഖരത്തിലെ 10-ഏക്കറില്‍ അധികം വരുന്ന സ്ഥലത്താണ് നെല്‍കൃഷി ആരംഭിക്കുന്നത്. ലോക്ക് ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് കൃഷി വ്യാപിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്താണ് തൃക്ക പാടശേഖര സമിതി കൃഷി ഇറക്കാനായി ഒരുങ്ങിയത്.
നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ പതിറ്റാണ്ടുകളായി കൃഷി ഇറക്കാതെ കാട് കയറി കിടക്കുന്ന തൃക്കപാടശേഖരം ഭൂമാഫിയ കയ്യേറാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും നാട്ടുകാരുടെയും കര്‍ഷക സംഘടനകളുടെയും ചെറുത്ത് നില്‍പ്പിന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഒരു പ്രദേശത്തിന്‍റെ ശുദ്ധജല സ്രോതസും തൃക്ക പാടശേഖരത്തിലെ നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരത്തിന്‍റെ പഴയ പ്രതാപവും വീണ്ടെടുക്കുന്നതിനായാണ് നെല്‍ കൃഷി ആരംഭിക്കുന്നത്.
നെല്‍കൃഷി ആരംഭിക്കുന്നതിന് മുന്നോടിയായി സ്ഥലം ഒരുക്കുന്നതിന്‍റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ രണ്ടാം വാര്‍ഡ് നിവാസികളും തൃക്കപാടശേഖരത്ത് സ്ഥലമുള്ളവരുമാണ് പാടശേഖര സമിതിയിലെ അംഗങ്ങള്‍. നെല്‍ കൃഷിക്ക് പുറമെ വാഴ, മരച്ചീനി, പച്ചക്കറി കൃഷിയും പശു, ആട്, കോഴി മത്സ്യ കൃഷി എന്നിവയും അടുത്ത ഘട്ടത്തില്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണന്ന് പാടശേഖര സമിതി.